പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ മുറിഞ്ഞകല്ലിൽ പുലർച്ചെ 4.30നാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ, അനു, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.
നിഖിലും അനുവും നവ ദമ്പതികളാണ്. നവംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നിഖിലിന്‍റെ പിതാവാണ് മരിച്ച മത്തായി ഈപ്പൻ. അനുവിന്‍റെ പിതാവാണ് ബിജു പി ജോര്‍ജ്. മലേഷ്യയിൽ മധുവിധു കഴിഞ്ഞ് വരുന്ന നിഖിലിനെയും അനുവിനെയും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരവേയാണ് ഇവർ സഞ്ചരിച്ച മാരുത് സ്വിഫ്‌റ്റ് കാർ അപകടത്തിൽപ്പെട്ടത്.
അപകടത്തിലുൾപ്പെട്ട ബസ് ആന്ധ്രാപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകരുടേതാണ്. യാത്രക്കാരായ തീർത്ഥാടകർക്കും നിസ്സാര പരിക്കുകൾ ഉണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്നവരിൽ അനു ഒഴികെ ബാക്കിയുള്ള 3 പേരും സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷമാണ് അനുവിന്‍റെ മരണം.
ആദ്യം ഓടിയെത്തിയ നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥലം എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹങ്ങൾ കോന്നി താലൂക്കാശുപത്രിയിലും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം അപകടം നടന്നത് സ്ഥിരം അപകട മേഖലയിലാണെന്നും റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
Also Read: ബൈക്കിൽ പോകുന്ന വിദ്യാർഥികൾക്ക് നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം