കണ്ണൂർ: കർക്കടക മാസത്തിൽ വീടുകൾ തോറുമെത്തുന്ന ആടിവേടൻ ആധിവ്യാധികൾ അകറ്റുമെന്നാണ് വിശ്വാസം. തെയ്യത്തിൻ്റെ വിശാലമായ ഭൂമികയിലേക്ക് ആദ്യമായി ചുവടുവെച്ചതിൻ്റെ പരിഭ്രമമൊന്നും മൂന്നുവയസുകാരനായ നിയാൻ കൃഷ്‌ണയിൽ ഇല്ലായിരുന്നു. കിരാതാർജുനിയം കഥ പാടിക്കൊണ്ട് നിയാൻ കൃഷ്‌ണ അച്ഛൻ ടി വി ബൈജു പണിക്കരുടെയും ബന്ധുക്കളുടെയുമൊപ്പം വീടുകൾ കയറിയിറങ്ങി അനുഗ്രഹം ചൊരിഞ്ഞു.
ഓരോ ഗൃഹവും ഭക്തിപുരസരമാണ് ഈ കുഞ്ഞിത്തെയ്യത്തെ സ്വീകരിച്ച് കാണിക്കയർപ്പിച്ചത്. മുഖത്ത് ചായില്യക്കുറിയണിഞ്ഞ് ചുകപ്പുടുത്ത് ചെറുകിരീടമണിഞ്ഞാണ് കുട്ടിത്തെയ്യം പുറപ്പെട്ടത്. വീട്ടുമുറ്റത്ത് അച്ഛൻ്റെ ചെണ്ടയുടെ താളത്തിൽ വെള്ളോട്ടു മണി കിലുക്കിക്കൊണ്ടാണ് കുഞ്ഞിത്തെയ്യം വൃത്താകൃതിയിൽ നൃത്തമാടിയത്. അപ്പോഴേക്കും വന്നുഭവിച്ച ദോഷങ്ങളെല്ലാം ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.
ആദ്യമായി തെയ്യാട്ട രംഗത്തേക്കിറങ്ങുന്ന ഒരു തെയ്യക്കാരൻ അതീവഭക്തിയോടെ ഗുരുജനങ്ങളുടെ കൈ കൊണ്ട് ആദ്യമായി സ്വീകരിക്കുന്ന ചമയം തലപ്പാളി ആയിരിക്കും. ഈ ആഭരണത്തിലെ 21 വെള്ളി അലുക്കുകളും തെയ്യക്കാർ ജീവിതാന്ത്യം വരെ മനസിൽ ആരാധിക്കുന്ന ഗുരുക്കൻമാരെ അനുസ്‌മരിച്ചുള്ളതാണ്. പി വി നവ്യയാണ് നിയാൻ കൃഷ്‌ണയുടെ മാതാവ്. പ്രശസ്‌ത തെയ്യം കലാകാരൻ പരേതനായ ശശിധരൻ പണിക്കരുടെ കൊച്ചുമകൻ കൂടിയാണ് നിയാൻ.
Also Read: കുടകിനെ കാക്കുന്ന കൈമടകളും ബോളൂക്കയും; കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായുള്ള സവിശേഷ ആചാരങ്ങൾ