കോഴിക്കോട് : ലോഡ്‌ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതി പിടിയിൽ. നിരവധി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതിയെ കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും വെള്ളയിൽ പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മേയ് 19ന് വെള്ളയിൽ പൊലീസ് സ്‌റ്റേഷന്‍റെ പരിധിയിലെ ഒരു ലോഡ്‌ജിൽ നിന്നു അഞ്ച് കോടി രൂപ വിലമതിക്കുന്ന വിവിധ തരത്തിലുള്ള ലഹരി മരുന്നുകൾ പിടികൂടിയിരുന്നു.
അന്ന് പൊലീസിനെ വെട്ടിച്ച് പ്രധാന പ്രതിയായ ഷൈൻ ഷാജി കടന്നു കളയുകയായിരുന്നു. ഇയാളെ ഇന്നലെ രാത്രി ഡാൻസാഫിന്‍റെയും വെള്ളയിൽ പൊലീസിന്‍റെയും നേതൃത്വത്തിലാണ് പിടി കൂടിയത്. 780 ഗ്രാം എംഡിഎംഎയും, 80 എൽഎസ്‌ഡി സ്‌റ്റാമ്പുകളും, 25 എംഡിഎംഎ പില്ലുകളുമാണ് നേരത്തെപിടികൂടിയിരുന്നത്.
ഇതിനെല്ലാം കൂടി അഞ്ചു കോടി രൂപ വിലമതിക്കുന്നതാണ്. ഓടിരക്ഷപ്പെട്ട പ്രതിക്കു വേണ്ടി അന്നുമുതൽ ഡാൻസാഫിന്‍റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ ഇയാൾ കോഴിക്കോട് എത്തിയിട്ടുണ്ട് എന്ന വിവരം ഡാൻസാഫിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് ഡാൻസാഫും വെള്ളയിൽ പൊലീസും സ്ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യക്കാർക്ക് ലഹരിമരുന്നുകൾ പൊതികളിലാക്കി എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ലോഡ്‌ജ് എടുത്ത് ഇവിടെ നിന്ന് പൊതികളാക്കിയാണ് വിതരണം. 2021ൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടയിൽ ഫറോക്ക് എക്‌സൈസ് സംഘം പിടികൂടുകയും രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിരുന്ന ആളാണ് ഇപ്പോൾ പിടിയിലായ ഷൈൻ ഷാജി.
അതിനുശേഷം ജയിലിന് പുറത്തിറങ്ങി വിദേശത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് സുഹൃത്തിനൊപ്പം വിദേശത്ത് പോവുകയും മൂന്നുമാസം മുമ്പ് കോഴിക്കോട് തിരിച്ചെത്തി റൂമെടുത്ത് ലഹരിമരുന്ന് വിൽപ്പന നടത്തുകയുമായിരുന്നു. അതിനിടയിലാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലാവുന്നത്. പ്രതിയെ ലോഡ്‌ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.