കാസർകോട് : ജില്ലയിൽ മൂന്ന് പേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ട് തമിഴ്‌നാട് സ്വദേശികൾക്കും ഒരു കാസർകോട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് സ്വദേശി അടുത്തിടെ തമിഴ്‌നാട്ടിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. അവധിക്ക് നാട്ടിൽ പോയി വന്ന തമിഴ്‌നാട് സ്വദേശികൾക്കാണ് രോഗം കണ്ടെത്തിയത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
വിബ്രിയോ കോളറ എന്നയിനം ബാക്‌ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.
പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ളതുമായ (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.
രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിർജലീകരണം കൊണ്ടാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയേയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതൽ ഒആർഎസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
Also Read: ശ്രദ്ധിച്ചില്ലെങ്കില്‍ കോളറ വില്ലനാകും, മരണത്തിന് വരെ കാരണമാകാം; എങ്ങനെ പ്രതിരോധിക്കാം