കോഴിക്കോട് : 97 ശതമാനം മരണ നിരക്കുള്ള രോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽ നിന്ന് മുക്തനായി പതിനാലുകാരൻ. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. രോഗം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ തിക്കോടി സ്വദേശി അഫ്‌നാന്‍ ജാസിമിന് ഇത് രണ്ടാം ജന്മം.
'എന്നെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവരെപ്പോലെ എനിക്കും ഡോക്‌ടറാകണം, ഇനി പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണം, നല്ല മാര്‍ക്കുവാങ്ങണം, എന്നെ ചികിത്സിച്ച പോലെ എനിക്കും ചികിത്സിക്കണം അതും സൗജന്യമായി, ദൈവത്തിന് സ്‌തുതി, ചികിത്സിച്ച ഡോക്‌ടര്‍മാക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും ഒരുപാട് നന്ദി' -ജീവിതത്തിലേക്ക് തിരികെയെത്തിയ അഫ്‌നാന്‍ ജാസിം ഇടിവി ഭാരതിനോട് പറഞ്ഞു.
ഡോക്‌ടര്‍മാരുടെ നിതാന്ത ജാഗ്രതയും ഒപ്പം നാടിന്‍റെ പ്രാര്‍ഥനയുമാണ് മകന് പുനര്‍ജന്മം ലഭിക്കാൻ കാരണമായതെന്ന് മാതാപിതാക്കളും സൂചിപ്പിച്ചു. ഐസിയുവില്‍ അഫ്‌നാന്‍ രോഗം മൂര്‍ച്‌ഛിച്ച് കിടക്കുമ്പോള്‍ അടുത്ത കട്ടിലിലുള്ള കുട്ടി ഇതേ രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയിരുന്നു. അത് അവരുടെ മനസിനെ തളർത്തി. ഫറോക്ക് സ്വദേശിയായ ആ കുട്ടി മരിച്ചപ്പോള്‍ ഡോ അബ്‌ദുല്‍ റൗഫ് അവരെ സമാധാനിപ്പിച്ചു. നിങ്ങളുടെ മകൻ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷ നൽകി.
അഫ്‌നാന്‍റെ പിതാവ് സിദ്ദീഖിന്‍റെ അതിജാഗ്രതയാണ് മകനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിൽ നിര്‍ണായകമായത്. മകന് പനി അനുഭവപ്പെട്ടപ്പോള്‍ സിദ്ദീഖ് ആദ്യം ഓര്‍ത്തത് അവന്‍ കുളത്തില്‍ കുളിച്ചതാണ്. പയ്യോളി ജിവിഎച്ച്എസ് 10-ാം ക്ലാസ് വിദ്യാര്‍ഥിയായ അഫ്‌നാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നീന്തല്‍ പഠിച്ചത്.
പനി ബാധിക്കുന്നതിന് തൊട്ടുമുമ്പ് വരെ കുളത്തില്‍ നീന്തിയിരുന്നു. അമീബിക് മസ്‌തിഷ്‌ക രോഗത്തെ കുറിച്ചുള്ള വാർത്തകളും ആ പിതാവിനെ ചിന്തിപ്പിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അഫ്‌നാന് അപസ്‌മാരം വന്നത്. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് വിദഗ്‌ധ ചികിത്സക്കായി അഫ്‌നാനെ കോഴിക്കോട്ടേക്ക് എത്തിച്ചത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ വിദഗ്‌ധരായ ഡോ അബ്‌ദുല്‍ റൗഫ്, ഡോ ഫെബ്‌ന റഹ്‌മാന്‍ എന്നിവരടങ്ങുന്ന ഡോക്‌ടർമാരുടെ സംഘമാണ് അഫ്‌നാനെ പരിചരിച്ചത്.
Also Read: വിദേശ മരുന്ന് ഫലം കണ്ടു: അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട പതിനാലുകാരന്‍ തിരികെ ജീവിതത്തിലേക്ക്