കണ്ണൂർ: ഏകദേശം 600 ഏക്കറോളം പരന്നു കിടക്കുന്ന, പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമായ മാടായി പാറയിൽ മറ്റൊരു കാർഷിക കൗതുകമാവുകയാണ് മഴക്കാലത്തെ പരന്നു കിടക്കുന്ന പച്ചക്കറി തോട്ടം. കേരളത്തിൽ പൊതുവെ വടക്കൻ കേരളത്തിൽ ശീതകാല പച്ചക്കറി കൃഷിക്കാണ് പ്രാധാന്യം കൊടുക്കാറ്. ശീതകാല കൃഷിയെന്നാൽ നവംബർ മുതൽ മാർച്ച് വരെയുളള കൃഷിയാണ്.
എന്നാൽ പെരുമഴക്കാലത്ത് വിത്തിറക്കിയ മാടയി പാറയിലെ തവരത്തടത്തെ 12 ഏക്കർ വരുന്ന കൃഷി തോട്ടങ്ങളാണ് ആരെയും മാടി വിളിക്കുന്നത്. 10 വർഷത്തെ ഗൾഫ് വാസം കഴിഞ്ഞു നാട്ടിൽ എത്തിയ മാട്ടൂൽ മുട്ടം സ്വദേശി കെ കെ അബ്‌ദുള്ളയാണ് ഇവിടുത്തെ പ്രധാന കർഷകൻ. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 12 ഏക്കറിൽ ആണ് കൈപ്പ, വെണ്ട, കക്കിരി, തലോലി, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.
ഈ പച്ചക്കറികളുടെ കൂടെ ഓണത്തെ മുന്നിൽ കണ്ട് 8000 ചെണ്ടുമല്ലി ചെടിയും നട്ടിട്ടുണ്ട് അബ്‌ദുള്ള. 12 ഏക്കറിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകനും അബ്‌ദുള്ള തന്നെ. പച്ചക്കറി വിത്തുകൾ നട്ടിട്ട് ഏതാണ്ട് 50 ദിവസം പിന്നിട്ടു. തലോലിയുടെ 2500 കക്കിരിയുടെ 800 തൈ, കൈപയുടെ 300, വെണ്ടയുടെ 1200 ഹൈ ബ്രിഡ് ചെടികളാണ് അബുദുള്ള വച്ചു പിടിപ്പിച്ചത്.
പല കൃഷിയും പാകമായി വിളവെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഇവയ്ക്ക് പുറമെ കല്യാശേരി എംഎൽഎയുടെ പദ്ധതിയിൽ ഉൾപെടുത്തിയ കുറുംതോട്ടിയും ഇവിടെ കൃഷി ചെയ്യുന്നു. മഴക്കാലത്തെ ആശ്രയിച്ച് പച്ചക്കറി കൃഷി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ അപൂർവം ഇടം കൂടിയാണ് തവരതടം. മുട്ടത് വെള്ളച്ചാലിൽ ഇന്‍ററിയർ വർക്ക് ചെയ്യുന്ന അബ്‌ദുള്ള രാവിലെ ആറ് മണിക്ക് തോട്ടത്തിൽ എത്തും. ഒമ്പത് മണി വരെ കൃഷിയിൽ മുഴുകും. പിന്നീട് തന്‍റെ ജോലിയിലേക്ക് തിരിച്ച് പോകും.
വൈകിട്ട് നാല് മണിക്ക് വീണ്ടും തോട്ടത്തിലേക്ക് തിരിച്ചെത്തും. കൃഷിയെ പരിപാലിച്ച ശേഷം ഏഴ് മണിയോടെ വീട്ടിലേക്ക് മടങ്ങും. ഭാര്യ തസ്ലീമയും മക്കൾ അഫ്ര, തമീസ്, ഷാന ഷെറിൻ എന്നിവരാണ് അബ്‌ദുള്ളക്ക് പൂർണ്ണ പിന്തുണ നൽകുന്നത്.
Also Read: കാന്തല്ലൂരിന് ഇത് ആപ്പിൾ വിളവെടുപ്പ് കാലം; മധുരമൂറും കാഴ്‌ചകൾ തേടി സഞ്ചാരികൾ