മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസും മുഖ്യപരിശീകന്‍ ആശിഷ് നെഹ്‌റയും വേർപിരിയുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയ പരിശീകനാണ് അശിഷ് നെഹ്‌റ.
തൊട്ടടുത്ത സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തേക്കും എത്തിച്ചു. മത്സരത്തിനിടെ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ബൗണ്ടറി ലൈനിലുണ്ടാവുന്ന നെഹ്‌റ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇതിനിടെ ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തേക്കും നെഹ്‌റയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.
എന്നാല്‍ ഹാര്‍ദിക് മുംബൈയിലേക്ക് ചേക്കേറിയ കഴിഞ്ഞ സീസണില്‍ ശുഭ്‌മാന്‍ ഗില്ലിന് കീഴില്‍ കളിച്ച ഗുജറാത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ദയനീയ പ്രകടനമായിരുന്നു മുന്‍ ചാമ്പ്യന്മാര്‍ നടത്തിയത്. കളിച്ച 14 മത്സരങ്ങളില്‍ വെറും അഞ്ച് ജയം മാത്രം നേടാന്‍ കഴിഞ്ഞ ഗുജറാത്തിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
ഇതിന് പിന്നാലെയാണ് ആശിഷ് നെഹ്‌റ ഗുജറാത്തിന്‍റെ പരിശീലക സ്ഥാനം ഒഴിയുന്നതായുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. ഐപിഎല്‍ 2025 സീസണില്‍ നെഹ്‌റ ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടാവില്ലെന്നാണ് വിവരം. നെഹ്‌റയെക്കൂടാതെ ഡയറക്‌ടര്‍ വിക്രം സോളങ്കിയും ടീം വിടുന്നതായാണ് റിപ്പോര്‍ട്ട്.
നെഹ്‌റയുടെ പകരക്കാരനായി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിനെയാണ് ഫ്രാഞ്ചൈസി പരിഗണിക്കുന്നതെന്നാണ് സൂചന. പഞ്ചാബ് താരമായ ഗില്ലിന്‍റെ മെന്‍റര്‍ കൂടിയാണ് ലോകകപ്പ് ജേതാവായ യുവരാജ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.