വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ (India vs England 2nd Test) ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായത് യുവതാരം യശസ്വി ജയ്‌സ്വാളാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ മടങ്ങിയപ്പോള്‍ ഒരറ്റത്ത് പൊരുതിക്കളിച്ച യശസ്വി ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ചുറിയടിച്ചാണ് തിരികെ കയറിയത്. (Yashasvi Jaiswal Maiden Double Century In Test Cricket).
ആക്രമണവും പ്രതിരോധവും ഫലപ്രദമായി ഉപയോഗപ്പെടുത്തി 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി നേടിയത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിക്ക് 19 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമാണ് അകമ്പടിയായത്. ഇതോടെ ചില റെക്കോഡുകളും പേരിലാക്കാന്‍ താരത്തിന് കഴിഞ്ഞു. (Yashasvi Jaiswal Test Record)
ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് യശസ്വി ജയ്‌സ്വാള്‍. (Youngest to score 200 for India in Tests). ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 22 വയസും 37 ദിവസവുമായിരുന്നു യശസ്വിയുടെ പ്രായം.
വിനോദ് കാംബ്ലി (Vinod Kambli), സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് താരത്തിന്‍റെ മുന്നിലുള്ളത്. 21 വയസും 32 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു കാംബ്ലി ഡബിള്‍ സെഞ്ചുറി നേടിയത്. 21 വയസും 277 ദിവസവും പ്രായമുള്ളപ്പോഴാണ് ഗവാസ്‌കറിന്‍റെ ഡബിള്‍ സെഞ്ചുറി നേട്ടം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഡബിള്‍ സെഞ്ചുറിയടിക്കുന്ന നാലാമത്തെ മാത്രം ഇടങ്കയ്യന്‍ ബാറ്റര്‍ കൂടിയാണ് യശസ്വി. വിനോദ് കാംബ്ലി, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. കൂടാതെ ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് യശസ്വി ജയ്‌സ്വാള്‍. കരിയറിലെ 10-ാം ഇന്നിങ്‌സിലാണ് ജയ്‌സ്വാള്‍ ടെസ്റ്റിലെ തന്‍റെ ആദ്യ ഡബിള്‍ അടിച്ചത്. മൂന്നാമത്തെ മാത്രം ഇന്നിങ്‌സില്‍ ഡബിള്‍ നേടിയ കരുണ്‍ നായരാണ് പട്ടികയിലെ തലപ്പത്തുള്ളത്. വിനോദ് കാംബ്ലി (4), സുനില്‍ ഗവാസ്‌കര്‍, മായങ്ക് അഗര്‍വാള്‍ (8), ചേതേശ്വര്‍ പുജാര (9) എന്നിവരാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. (Fewest Innings To Maiden 200 For India In Test Cricket).
ALSO READ: രോഹിത് അന്നേ പറഞ്ഞു, യശസ്വി അടുത്ത സൂപ്പര്‍ സ്റ്റാറെന്ന്; പഴയ പ്രവചനം വൈറല്‍
അതേസമയം ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. 34 റണ്‍സടിച്ച ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (14), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്‌സര്‍ പട്ടേല്‍ (27), ശ്രീകര്‍ ഭരത് (17), ആര്‍ അശ്വിന്‍ (20), ജസ്‌പ്രീത് ബുംറ (6), കുല്‍ദീപ് യാദവ് (8*), മുകേഷ് കുമാര്‍ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.