രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വമ്പൻ സ്കോറിലേക്ക്. മത്സരത്തിന്‍റെ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 314 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ 440 റണ്‍സാണ് ഇന്ത്യയുടെ ലീഡ്.
189 പന്തില്‍ 149 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), 23 പന്തില്‍ 22 റണ്‍സുമായി സര്‍ഫറാസ് ഖാൻ (Sarfaraz Khan) എന്നിവരാണ് ക്രീസില്‍. മത്സരത്തിന്‍റെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill), കുല്‍ദീപ് യാദവ് (Kuldeep Yadav) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്.
രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 എന്ന നിലയില്‍ മത്സരത്തിന്‍റെ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ശുഭ്‌മാൻ ഗില്ലും കുല്‍ദീപ് യാദവും തരക്കേടില്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. മത്സരത്തിന്‍റെ 64-ാം ഓവറില്‍ സ്കോര്‍ 246ല്‍ നില്‍ക്കെ ഗില്ലിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 151 പന്തില്‍ 91 റണ്‍സടിച്ച ഗില്‍ റണ്‍ ഔട്ടാവുകയായിരുന്നു.
ഒൻപത് ഫോറും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇന്നിങ്‌സ്. പിന്നാലെ മൂന്നാം ദിനത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായ യശസ്വി ജയ്‌സ്വാള്‍ ക്രീസിലേക്ക് എത്തി. പേശിവലിവിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ജയ്‌സ്വാള്‍ പിന്മാറിയിരുന്നത്.
72-ാം ഓവറിലായിരുന്നു കുല്‍ദീപ് യാദവിന്‍റെ പുറത്താകല്‍. 91 പന്തില്‍ 27 റണ്‍സ് നേടിയ കുല്‍ദീപിനെ റെഹാൻ അഹമ്മദാണ് മടക്കിയത്. പിന്നാലെ ക്രീസിലെത്തിയ സര്‍ഫറാസ് ഖാനും ജയ്‌സ്വാളിനൊപ്പം അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോര്‍ ഉയര്‍ന്നു.
11 ഫോറും ഏഴ് സിക്‌സറുകളുമാണ് യശസ്വി ജയ്‌സ്വാള്‍ ഇന്നിങ്‌സില്‍ ഇതുവരെ നേടിയത്. 2 ഫോറും ഒരു സിക്‌സറും സര്‍ഫറാസ് ഖാന്‍റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. അതേസമയം, മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് രവിചന്ദ്രൻ അശ്വിന്‍ (Ravichandran Ashwin) ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തയും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.
Read More : ഇന്ത്യയ്‌ക്ക് 'ഇരട്ടിമധുരം' ; രവിചന്ദ്രൻ അശ്വിന്‍ രാജ്‌കോട്ടില്‍ ഇറങ്ങും, സ്ഥിരീകരിച്ച് ബിസിസിഐ
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് മത്സരത്തിന്‍റെ രണ്ടാം ദിവസത്തിന് ശേഷമായിരുന്നു അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതേ തുടര്‍ന്ന് താരത്തിന് മത്സരത്തിന്‍റെ മൂന്നാം ദിനം കളിക്കാൻ സാധിച്ചിരുന്നില്ല. അശ്വിന്‍റെ മടങ്ങി വരവില്‍ രണ്ടാം ഇന്നിങ്സില്‍ വലിയ പ്രതീക്ഷയാണ് ടീം ഇന്ത്യയ്‌ക്കുള്ളത്.