മുംബൈ: ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് ടെസ്റ്റ് മത്സരത്തിന് എത്തുമ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത് ബാസ് ബോൾ എന്ന പുതിയ ബാറ്റിങ് ശൈലി എങ്ങനെയാണ് ഇന്ത്യയില്‍ വിജയിക്കുക എന്നതാണ്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ബാസ്ബോൾ മികവ് ഇംഗ്ലണ്ടിന് കാഴ്‌ചവെക്കാനായില്ലെങ്കിലും ഹൈദരാബാദില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു.
ബാസ്ബോളിനെ സ്‌പിൻവല കൊണ്ട് പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമം ആദ്യ രണ്ട് ടെസ്റ്റിലും ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ രാജ്കോട്ടില്‍ കളി മാറി. ഇന്ത്യയുടെ സ്‌പിൻ വല പൊട്ടിക്കാൻ ഇംഗ്ലണ്ട് ശ്രമിക്കുകയും അതില്‍ ഓപ്പണർ ബെൻ ഡക്കറ്റ് വിജയിക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 445 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് ബെൻ ഡക്കറ്റ് നല്‍കിയത്. 151 പന്തില്‍ 153 റൺസ് നേടിയ ഡക്കറ്റ് 23 ഫോറും രണ്ട് സിക്‌സുമാണ് നേടിയത്.
ഡക്കറ്റിനൊപ്പം ഒലി പോപ് (39), നായകൻ ബെൻ സ്റ്റോക്‌സ് (41 ) എന്നിവർ കൂടി ഭേദപ്പെട്ട സ്കോർ കണ്ടെത്തിയപ്പോൾ ഇംഗ്ലണ്ട് 319 റൺസിന് ഒന്നാം ഇന്നിംഗ്‌സില്‍ ഓൾഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുല്‍ദീപ് യാദവും രവിന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകൾ വീതവും നേടി. ബുംറയും അശ്വിനും ഓരോ വിക്കറ്റ് നേടി. ഇന്നത്തെ നാല് വിക്കറ്റ് പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഹമ്മദ് സിറാജ് 150 വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കി.
ജെയ്‌സ്ബോൾ മാജിക്: 126 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ (19) വിക്കറ്റ് അതിവേഗം നഷ്‌ടമായെങ്കിലും ശുഭ്മാൻ ഗില്ലിനൊപ്പം നിലയുറപ്പിച്ച യശ്സ്വി ജയ്‌സ്‌വാൾ സെഞ്ച്വറി നേടി മൂന്നാം ദിനം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. ഇരുവരും ചേർന്ന് 155 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ മൂന്നാം ദിനം ഇന്ത്യയ്ക്ക് അനുകൂലമായി.
സെഞ്ച്വറി നേടിയ ഉടൻ പുറം വേദനയെ തുടർന്ന് ജയ്‌സ്‌വാൾ റിട്ടയേഡ് ഹർട്ടായി മൈതാനം വിട്ടെങ്കിലും ശുഭ്‌മാൻ ഗില്‍ അർധസെഞ്ച്വറി പൂർത്തിയാക്കി. യശസ്വിക്ക് പകരമെത്തിയ രജത് പടിദാർ പൂജ്യത്തിന് പുറത്തായെങ്കിലും നൈറ്റ് വാച്ച്‌മാനായെത്തിയ കുല്‍ദീപ് യാദവ് മറുവശത്ത് ഉറച്ചു നിന്നതോടെ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റൺസ് എന്ന നിലയില്‍ ഇന്ത്യ കളി അവസാനിപ്പിച്ചു.
ശുഭ്‌മാൻ ഗില്‍ 120 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും അടക്കം 65 റൺസുമായി പുറത്താകാതെ നില്‍ക്കുമ്പോൾ കുല്‍ദീപ് യാദവ് മൂന്ന് റൺസുമായി ഒപ്പമുണ്ട്. രാജ്കോട്ടില്‍ രണ്ട് ദിവസം കളി ശേഷിക്കെ ഇന്ത്യ നാളെ അതിവേഗം ലീഡുയർത്തി ഇംഗ്ളണ്ടിനെ ബാറ്റിങിന് അയയ്ക്കാനാകും ശ്രമിക്കുക. രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലണ്ട് ബാസ്ബോൾ ശൈലി തുടർന്നാല്‍ സ്റ്റാർ സ്‌പിന്നർ രവിചന്ദ്രൻ അശ്വിന്‍റെ അഭാവത്തില്‍ ഇന്ത്യ മറുതന്ത്രം മെനയേണ്ടി വരും.