ഹൈദരാബാദ്: ഈ സീസണിലെ അവസാന ഗ്രാൻഡ്സ്ലാം ആരംഭിച്ചു. ഇന്ത്യയുടെ സുമിത് നാഗൽ നാളെ നെതർലൻഡ്‌സിന്‍റെ ടാല്ലൻ ഗ്രീക്‌സപുറിനെ നേരിടും. യുഎസ് ഓപ്പൺ കിരീടം ഉയര്‍ത്തുകയെന്നത് ഏതൊരു ടെന്നീസ് താരത്തിന്‍റേയും ആഗ്രഹമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങള്‍ തങ്ങളുടെ പേരിനൊപ്പം യുഎസ് ഓപ്പൺ കിരീടം ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസങ്ങളായ ലിയാണ്ടർ പേസ്, സാനിയ മിർസ, മഹേഷ് ഭൂപതി എന്നിവര്‍ കിരീടം നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയവരാണ്.
ലിയാഡർ പേസ്
ഇന്ത്യയുടെ ഏറ്റവും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ലിയാണ്ടർ പേസ് ആർതർ ആഷെ സ്റ്റേഡിയത്തിൽ വ്യത്യസ്‌ത അവസരങ്ങളിൽ വിജയം രുചിച്ചിട്ടുണ്ട്. 18 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ലിയാണ്ടർ 2006-ൽ ചെക്ക് താരം മാർട്ടിൻ ഡാമിനൊപ്പം 6-7, 6-4, 6-3 എന്ന സ്‌കോറിനാണ് യു എസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്. പിന്നീട് 2008-ൽ സിംബാബ്‌വെയുടെ കാര ബ്ലാക്കിനൊപ്പം 7–6 (8–6), 6–4 എന്ന സ്‌കോറിന് ഹ്യൂബറിനെയും മുറെയെയും തോൽപ്പിച്ച് മിക്സഡ് ഡബിൾസ് കിരീടം നേടി. പെയ്‌സും പങ്കാളിയായ ലൂക്കാസ് ദ്‌ലൗഹിയും പിറ്റേ വർഷവും പുരുഷ ഡബിൾസിൽ ഇന്ത്യക്കാരും മുൻ സഹതാരങ്ങളുമായ ഭൂപതിയെയും നോൾസിനെയും 3–6, 6–3, 6–2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. 2015ലും താരം വീണ്ടും കിരീടം സ്വന്തമാക്കി.
സാനിയ മിർസ
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ടെന്നീസ് കളിക്കാൻ പ്രചോദിപ്പിച്ച വനിത 2014 ലെ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ തന്‍റെ ആദ്യ യുഎസ് ഓപ്പൺ കിരീടം നേടി. 1 മണിക്കൂറിനുള്ളിൽ അബിഗെയ്ൽ സ്പിയേഴ്‌സിനെയും സാന്‍റിയാഗോ ഗോൺസാലസിനെയും പരാജയപ്പെടുത്തി. താരത്തിന്‍റെ കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാമായിരുന്നു ഇത്. പിന്നീട് വനിതാ ഡബിൾസിൽ 6-3, 6-3 എന്ന സ്കോറിന് കേസി ഡെല്ലക്വാ-യരോസ്ലാവ ഷ്വെഡോവ സഖ്യത്തെ പരാജയപ്പെടുത്തി 2015ൽ വീണ്ടും യുഎസ് ഓപ്പൺ നേടി.
മഹേഷ് ഭൂപതി
1999-ൽ മഹേഷ് ഭൂപതി ഇന്ത്യയുടെ ആദ്യത്തെ യുഎസ് ഓപ്പൺ ജേതാവായി. ജപ്പാന്‍റെ എയ് സുഗിയാമയ്‌ക്കൊപ്പം അമേരിക്കൻ ജോഡികളായ കിംബർലി പോ-ഡൊണാൾഡ് ജോൺസണെ പരാജയപ്പെടുത്തിയത്. യുഎസ് ഓപ്പണിൽ ഭൂപതിയുടെ വിജയം ഇവിടെ നിന്നില്ല. സാധ്യതകള്‍ക്കൊപ്പം സഞ്ചരിച്ച്, ബെലാറഷ്യൻ പങ്കാളിയായ മാക്സ് മിർനിയുമായി ചേര്‍ന്ന് 2002-ൽ ഒരിക്കൽ കൂടി കിരീടം ഉയർത്തി. 2005-ൽ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ സ്ലോവാക് താരം ഡാനിയേല ഹന്‍റുചോവയെ പങ്കാളിയാക്കുകയും യുഎസ് ഓപ്പണ്‍ കിരീടം നേടുകയും ചെയ്‌തു.