ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ എത്തുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയുടെ പരിശീലനം മുടങ്ങിയിരുന്നു.
ഇന്ന് നേരിയ തോതില്‍ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മത്സരത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ മഴ തടസപ്പെടുത്തിയാല്‍ മത്സരത്തിന് എന്താവും സംഭവിക്കുകയെന്ന് നോക്കാം. റിസര്‍വ് ദിനം പ്രഖ്യാപിച്ചതിനാല്‍ ഇന്ന് മഴമുടക്കിയാല്‍ തിങ്കളാഴ്‌ചയും മത്സരം നടക്കും.
ഞായറാഴ്‌ച തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ മാത്രമേ തിങ്കളാഴ്‌ചത്തേക്ക് കളി മാറ്റിവയ്‌ക്കൂ. ഇന്നത്തെ മത്സരം എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്ന് തന്നെയാവും റിസര്‍വ് ഡേയിലെ കളി പുനരാംരഭിക്കുക.
കഴിഞ്ഞ സീസണില്‍ അഹമ്മദാബാദില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ മത്സരം മഴയെത്തുടര്‍ന്ന് റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കിയത്. ഇനി റിസര്‍വ് ഡേയിലും മത്സരം നടന്നില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീമാണ് വിജയികളാവുക. ഇങ്ങനെ വന്നാല്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടും.
അതേസമയം ഐപിഎല്ലില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാമത്തെയും ഹൈദരാബാദ് രണ്ടാമത്തെയും കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്‌ക്ക് വലിയ മുന്‍തൂക്കമുണ്ട്. ഇതുവരെ 27 തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 18 തവണയും കൊല്‍ക്കത്തയാണ് വിജയം നേടിയത്. ഒമ്പത് കളികളാണ് ഹൈദരാബാദിനൊപ്പം നിന്നത്.
ഐപിഎല്ലിലെ ഫൈനല്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലാണ് സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും തത്സമയം കാണാം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (സാധ്യത ഇലവന്‍): സുനിൽ നരെയ്ൻ, റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യുകെ), ശ്രേയസ് അയ്യർ (സി), റിങ്കു സിങ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, രമൺദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ് (സാധ്യത ഇലവന്‍): ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ (ഡബ്ല്യുകെ), രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം, നിതീഷ് റെഡി, അബ്‌ദുൾ സമദ്, പാറ്റ് കമ്മിൻസ് (സി), ഭുവനേശ്വർ കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, ടി നടരാജൻ.