മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിന് മുന്നോടിയായാണ് ഹാര്‍ദിക് പാണ്ഡ്യയെ തങ്ങളുടെ തട്ടകത്തിലേക്ക് മുംബൈ ഇന്ത്യന്‍സ് തിരികെ എത്തിച്ചത്. രോഹിത് ശര്‍മയില്‍ നിന്നും നായക സ്ഥാനം സ്വന്തമാക്കിയായിരുന്നു ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ്. ആരാധകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും ടീമിനുള്ളില്‍ നിന്നു തന്നെ അതൃപ്‌തി വെളിപ്പെടുകയും ചെയ്‌തുവെങ്കിലും തീരുമാനം ഭാവി മുന്നില്‍ കണ്ടുകൊണ്ടാണെന്ന് വിശദീകരിച്ച മാനേജ്‌മെന്‍റ് തങ്ങളുടെ നടപടിയില്‍ ഉറച്ച് നിന്നു.
എന്നാല്‍ സീസണില്‍ ഹാര്‍ദിക്കിന് കീഴില്‍ കളിച്ച മുംബൈക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. കളിച്ച 13 മത്സരങ്ങളില്‍ ഒമ്പതിലും തോല്‍വി വഴങ്ങിയ സംഘം ടൂര്‍ണമെന്‍റില്‍ പുറത്താവുന്ന ആദ്യ ടീമായി മാറുകയും ചെയ്‌തു. മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത്തിന്‍റെ അവസാന സീസണാവുമിതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
എന്നാല്‍ അടുത്ത സീസണില്‍ ഹാര്‍ദിക്കും മുംബൈ ഇന്ത്യന്‍സിലുണ്ടാവില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ഐപിഎല്‍ 2025-ന് മുന്നോടിയായി മെഗാ താരലേലമാണ് നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനേയും കൈവിട്ടേക്കുമെന്നാണ് സെവാഗിന്‍റെ വാക്കുകള്‍.
ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ ഇതു സംബന്ധിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണറുടെ വാക്കുകള്‍ ഇങ്ങനെ.... "ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും ഒന്നിച്ച് അഭിനയിച്ചാലും ഒരു സിനിമ ഹിറ്റാവുമെന്ന് യാതൊരു ഉറപ്പുമില്ല. ഹിറ്റാവാന്‍ അതിന് അനുസരിച്ചുള്ള പ്രകടനങ്ങള്‍ വേണം. നല്ല തിരക്കഥ വേണം....അല്ലേ?.
അതുപോലെ തന്നെയാണ് ഇവിടെയും. മത്സരങ്ങള്‍ വിജയിക്കണമെങ്കില്‍ ഈ വമ്പൻ പേരുകാരെല്ലാം ഒന്നിച്ച് ഗ്രൗണ്ടിൽ മികച്ച പ്രകടനം നടത്തേണ്ടിവരും. രോഹിത് ശര്‍മ സെഞ്ചുറി നേടിയ മത്സരത്തില്‍ പോലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു.
മറ്റുള്ളവരുടെ പ്രകടനം എന്തായിരുന്നുവെന്ന് നമുക്ക് അറിയാം... ഇഷാന്‍ കിഷന്‍ ഈ സീസണില്‍ മുഴുവനും കളിച്ചു. എന്നാല്‍ പവര്‍പ്ലേയ്‌ക്ക് അപ്പുറം കടക്കാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് തോന്നുന്നത് അടുത്ത സീസണിലേക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്ന ആദ്യ രണ്ട് പേരുകാര്‍ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരായിരിക്കും. ഈ ഘട്ടത്തില്‍ ഇതാണ് എനിക്ക് പറയാന്‍ കഴിയുന്നത്" സെവാഗ് പറഞ്ഞു.
അതേസമയം ഐപിഎല്ലിന്‍റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞുവെങ്കിലും രോഹിത് പിന്നീട് നിറം മങ്ങുന്നതാണ് കാണാന്‍ കഴിഞ്ഞത്. ക്യാപ്റ്റനെന്ന നിലയിലും പരാജയപ്പെട്ട ഹാര്‍ദിക്കിന് പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാനായില്ല.