കൊല്‍ക്കത്ത : ക്രിക്കറ്റ് ലോകത്ത് നിലവില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പുറത്താകല്‍. ഈഡൻ ഗാര്‍ഡൻസില്‍ 223 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിയ്ക്കായി 7 പന്തില്‍ 18 റണ്‍സ് നേടിയ വിരാട് കോലിയെ മത്സരത്തിന്‍റെ മൂന്നാം ഓവറില്‍ ഒരു ഫുള്‍ടോസ് ഡെലിവറിയിലൂടെ ഹര്‍ഷിത് റാണയാണ് പുറത്താക്കിയത്. ഹര്‍ഷിത് റാണ എറിഞ്ഞ പന്ത് തട്ടിയിടാനായിരുന്നു കോലിയുടെ ശ്രമം.
എന്നാല്‍, താരത്തിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് ഉയര്‍ന്നുപൊങ്ങുകയും ബോള്‍ ചെയ്‌ത റാണ തന്നെ അത് കൈപ്പിടിയിലാക്കുകയുമായിരുന്നു. ഈ പന്ത് നോബോള്‍ ആണെന്നായിരുന്നു വിരാട് കോലി കരുതിയിരുന്നത്. പിന്നാലെ, അമ്പയര്‍ വിക്കറ്റ് അനുവദിച്ചതോടെ താരം ഡിആര്‍എസ് പരിശോധനയ്‌ക്കും തീരുമാനമയക്കുകയായിരുന്നു.
റിവ്യൂ പരിശോധനയിലും താരത്തിന് പ്രതികൂലമായ വിധിയാണ് ഉണ്ടായത്. ടിവി അമ്പയര്‍ മൈക്കിള്‍ ഗോഫ് ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവയ്‌ക്കുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് അമ്പയര്‍ സംഘത്തോട് ക്ഷുഭിതനായി നിരാശയോടെയായിരുന്നു കോലി ഡഗൗട്ടിലേക്ക് മടങ്ങിയത്.
കോലിയുടെ പുറത്താകല്‍ നിയമപരമോ ? : ഈഡൻ ഗാര്‍ഡൻസില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ വമ്പൻ വിജയക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിയ്ക്കായി മികച്ച രീതിയിലാണ് വിരാട് കോലി റണ്‍സ് കണ്ടെത്തി തുടങ്ങിയത്. മത്സരത്തില്‍ 7 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പടെയായിരുന്നു കോലി 18 റണ്‍സ് നേടിയത്. മത്സരത്തില്‍ മൂന്നാം ഓവര്‍ പന്തെറിയാനെത്തിയ ഹര്‍ഷിത് റാണയുടെ ഒരു ഹൈ ഫുള്‍ടോസിലായിരുന്നു ആര്‍സിബി ബാറ്റര്‍ കുടുങ്ങിയത്.
ക്രീസിന് പുറത്തുനിന്നായിരുന്നു വിരാട് കോലി പന്ത് കണക്‌ട് ചെയ്‌തത്. ഈ സമയത്ത് താരത്തിന്‍റെ അരക്കെട്ടിന് മുകളിലായിരുന്നു പന്ത്. സാധാരണ ഗതിയില്‍ ഒരു ബാറ്റര്‍ ക്രീസിനുള്ളില്‍ നില്‍ക്കുമ്പോള്‍ അരക്കെട്ടിന് മുകളില്‍ വരുന്ന പന്തുകള്‍ നോ ബോളുകളായി വിധിക്കാറാണ് പതിവ്. എന്നാല്‍, ഇവിടെ വിരാട് കോലി ക്രീസിന് പുറത്തായിരുന്നു ഉണ്ടായിരുന്നത്.
ഹോക്ക്-ഐ ബോൾ ട്രാക്കിങ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു കോലിയുടെ റിവ്യൂ ടിവി അമ്പയറായ മൈക്കിള്‍ ഗോഫ് പരിശോധിച്ചത്. പരിശോധനയില്‍ ക്രീസിനുള്ളിലേക്ക് പന്ത് എത്തുന്ന സമയം ക്രീസില്‍ കോലി നിവര്‍ന്ന് നില്‍ക്കുകയായിരുന്നുവെങ്കില്‍ ഗ്രൗണ്ടില്‍ നിന്നും 0.92 മീറ്റര്‍ മാത്രം ഉയരത്തിലൂടെയാകും പന്ത് കടന്ന് പോകുക എന്നായിരുന്നു കണ്ടെത്തല്‍.
1.04 ആണ് വിരാട് കോലിയുടെ അരക്കെട്ട് വരെയുള്ള ഉയരം എന്ന് നേരത്തെ കണക്കാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ക്രീസിനുള്ളിലാണ് താരം നിന്നിരുന്നതെങ്കില്‍ പന്ത് അരക്കെട്ടിന് താഴെയാകും വരിക. അതുകൊണ്ടാണ് പന്ത് ലീഗല്‍ ഡെലിവറിയാണെന്ന് അമ്പയര്‍മാര്‍ വ്യക്തമാക്കിയത്.
അരക്കെട്ടിന് മുകളില്‍ വരുന്ന പന്തുകളില്‍ നോ ബോള്‍ നിര്‍ണയം നടത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ ഈ വര്‍ഷമാണ് ഐപിഎല്ലില്‍ മാറ്റം കൊണ്ടുവന്നത്. പോപ്പിങ്ങ് ക്രീസിനുള്ളില്‍ ബാറ്ററെ കടന്ന് പോകുമ്പോഴുള്ള പന്തിന്‍റെ ഉയരം മനസിലാക്കാൻ സഹായിക്കുന്നതാണ് ഈ ടെക്‌നോളജി. ഇതിനായി ബാറ്ററുടെ കാല്‍പ്പാദം മുതല്‍ അരക്കെട്ട് വരെയുള്ള ഉയരം നേരത്തെ തന്നെ റെക്കോഡ് ചെയ്‌തിരിക്കും.
ക്രീസിനുള്ളില്‍ പന്ത് ബാറ്ററുടെ റെക്കോഡ് ചെയ്‌തിട്ടുള്ള ഉയരത്തേക്കാള്‍ മുകളില്‍ പോയാല്‍ മാത്രമേ ആ പന്ത് നോ ബോള്‍ വിധിക്കൂ. അല്ലാത്ത പക്ഷം അത് ഒരു ലീഗല്‍ ഡെലിവറിയായിരിക്കും. ഇവിടെ, ക്രീസിനുള്ളില്‍ നിവര്‍ന്ന് നിന്നിരുന്നുവെങ്കില്‍ വിരാട് കോലിയുടെ അരക്കെട്ടിന് 0.12 മീറ്റര്‍ താഴെയായി പന്ത് പോകുമെന്നായിരുന്നു പ്രൊജക്റ്റഡ് ട്രാക്റ്ററി സൂചിപ്പിച്ചത്.
Also Read : ഐപിഎല്ലില്‍ നാടകീയ വിജയവുമായി കൊല്‍ക്കത്ത; വീണ്ടും തോറ്റ് ബെംഗളൂരു - IPL 2024 KKR Vs RCB Result