ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം നിശ്ചയിച്ചത് പോലെ തന്നെ രാത്രി ഏഴരയ്‌ക്ക് നടക്കും. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിന് തെലങ്കാന ഇലക്‌ട്രിസിറ്റി ബോര്‍ഡ് കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെ വൈദ്യുത കണക്ഷൻ വിച്ഛേദിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മത്സരം നടക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍, മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ വൈദ്യുത കണക്ഷൻ പുനഃസ്ഥാപിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
മൂന്ന് കോടിയോളം രൂപ കുടിശ്ശിക വരുത്തിയതിന് ഇന്നലെ വൈകുന്നേരമായിരുന്നു തെലങ്കാന വൈദ്യുത ബോര്‍ഡ് (TSSPDCL) സ്റ്റേഡിയത്തിലെ കണക്ഷൻ വിച്ഛേദിച്ചത്. പിന്നാലെ, വിഷയത്തില്‍ പ്രദേശിക കോടതിയുടെ ഇടപെടലുമുണ്ടായി. ഇതേ തുടര്‍ന്ന് കുടിശ്ശിക തുകയുടെ പകുതി അടയ്‌ക്കാൻ വൈദ്യുത ബോര്‍ഡ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നോട്ടിസ് നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് കുടിശ്ശിക തുകയുടെ പകുതി അടയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് സ്റ്റേഡിയത്തിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കോടതി തെലങ്കാന വൈദ്യുത വകുപ്പിന് നിര്‍ദേശം നല്‍കിയത്. ബില്‍ കുടിശ്ശികയില്‍ ശേഷിക്കുന്ന തുക രണ്ട് ഗഡുക്കളായി നല്‍കാനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശമുണ്ട്.
അതേസമയം, ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഉപ്പല്‍ സ്റ്റേഡിയം വേദിയാകുന്ന രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. സീസണില്‍ ഇവിടെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ആതിഥേയരായ സണ്‍റൈസേഴ് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്ന മത്സരമായിരുന്നു ഇത്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാൻ ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോഴും ഇത്തരത്തില്‍ ബാറ്റിങ് വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം: മായങ്ക് അഗര്‍വാള്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്‌ഡൻ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, അബ്‌ദുല്‍ സമദ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍കണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ഉമ്രാൻ മാലിക്ക്.
ചെന്നൈ സൂപ്പര്‍ കിങ്സ് സാധ്യത ടീം: രചിൻ രവീന്ദ്ര, റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, സമീര്‍ റിസ്‌വി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പതിരണ.