ബെനോനി : അണ്ടര്‍ 19 ലോകകപ്പിന്‍റെ (Under 19 World Cup 2024) ഫൈനലില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഹഗ് വെയ്‌ബ്‌ജെൻ (Hugh Weibgen) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ( India vs Australia Final Toss Report). സഹാറ പാര്‍ക്ക് വില്ലോമൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഉദയ് സഹാരണിന്‍റെ (Uday Saharan) നേതൃത്വത്തിലാണ് ഇന്ത്യ കളിക്കുന്നത്. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാമത്തേയും മൊത്തത്തില്‍ ആറാമത്തേയും കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. മൂന്നാം കിരീടമാണ് ഓസ്ട്രേലിയയുടെ ഉന്നം.
കഴിഞ്ഞ വര്‍ഷം നടന്ന സീനിയര്‍ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു. ചേട്ടന്മാരുടെ കണ്ണീരിന് കണക്ക് ചോദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഇന്ത്യന്‍ യുവനിരയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചരിത്രം ഇന്ത്യയ്‌ക്കൊപ്പമാണുള്ളത്. ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഓസ്ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. 2012, 2018 വര്‍ഷങ്ങളിലായിരുന്നു ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം തൂക്കിയത്.
എതിരാളികള്‍ കരുത്തരാണെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഉദയ് സഹാരണും സംഘവുമുള്ളത്. ഇതിന് മുമ്പ് കളിച്ച ആറ് മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടേയില്ല. ബാറ്റിങ് യൂണിറ്റില്‍ മുഷീർ ഖാൻ, ഉദയ് സഹാരണ്‍, സച്ചിൻ ദാസ് എന്നിവരിലാണ് നീലപ്പടയുടെ പ്രതീക്ഷ. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുള്ള താരങ്ങളാണിവര്‍.
നായകന്‍ ഉദയ് സഹാരണ്‍ തന്നെയാണ് നിലവില്‍ ഒന്നാമന്‍. ആറ് മത്സരങ്ങളില്‍ നിന്നും 64.83 ശരാശരിയില്‍ 389 റൺസാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതേവരെ നേടിയിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ 67.60 ശരാശരിയില്‍ 336 റണ്‍സ് നേടിയ മുഷീർ ഖാൻ (Musheer Khan), രണ്ടാമതും 73.50 ശരാശരിയില്‍ 294 റണ്‍സ് കണ്ടെത്തിയ സച്ചിന്‍ ദാസ് (Sachin Dhas) മൂന്നാമതുമാണുള്ളത്.
ബോളിങ് യൂണിറ്റില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സൗമി കുമാർ പാണ്ഡെയാണ് (Saumy Kumar Pandey) ഇന്ത്യന്‍ തുറുപ്പുചീട്ട്. പവര്‍പ്ലേയില്‍ എതിര്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടുന്ന പ്രകടനം നടത്തുന്ന താരമാണ് സൗമി. ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും 2.44 ഇക്കോണമിയില്‍ 17 വിക്കറ്റുകളാണ് സമ്പാദ്യം.
നിലവില്‍ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനാണ് ഇന്ത്യയുടെ ഇടങ്കയ്യന്‍ സ്‌പിന്നര്‍. നമാൻ തിവാരി, രാജ് ലിംബാനി എന്നീ പേസര്‍മാര്‍ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റെടുത്ത് എതിരാളികള്‍ക്ക് കനത്ത പ്രഹരം നല്‍കാന്‍ ശേഷിയുള്ളവരാണ്.
ഇന്ത്യ അണ്ടർ 19 (പ്ലെയിങ് ഇലവൻ): ആദർശ് സിങ്, അർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹാരണ്‍ (സി), പ്രിയാൻഷു മോലിയ, സച്ചിൻ ദാസ്, ആരവെല്ലി അവനീഷ് (ഡബ്ല്യു), മുരുകൻ അഭിഷേക്, രാജ് ലിംബാനി, നമൻ തിവാരി, സൗമി പാണ്ഡെ.
ഓസ്‌ട്രേലിയ അണ്ടർ 19 (പ്ലെയിങ് ഇലവൻ): ഹാരി ഡിക്‌സൺ, സാം കോൺസ്റ്റാസ്, ഹഗ് വെയ്‌ബ്‌ജെൻ(സി), ഹർജാസ് സിങ്, റയാൻ ഹിക്‌സ്(ഡബ്ല്യു), ഒലിവർ പീക്ക്, റാഫ് മക്‌മില്ലൻ, ചാർലി ആൻഡേഴ്‌സൺ, ടോം സ്‌ട്രാക്കർ, മഹ്‌ലി ബിയർഡ്‌മാൻ, കല്ലം വിഡ്‌ലർ.