ബെനോനി: അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപ്‌റ്റന്‍ ഉദയ് സഹാറന്‍ (Uday Saharan), ബൗളര്‍ സൗമി പാണ്ഡെ (Saumy Pandey), ഓള്‍റൗണ്ടര്‍ മുഷീര്‍ ഖാന്‍ (Musheer Khan) എന്നിവരാണ് നേമിനേഷന്‍ ലിസ്റ്റില്‍ ഉള്ള ഇന്ത്യന്‍ താരങ്ങള്‍. കൗമാര ലോകകപ്പിന്‍റെ ഫൈനല്‍ നാളെ നടക്കാനിരിക്കെയാണ് ഐസിസി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പുറത്തുവിട്ടത് (ICC U19 World Cup Player Of The Tournament Nominees).
കൗമാര ലോകകപ്പ് ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളാണ് ഉദയ് സഹാറന്‍, സൗമി പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍. ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഉദയ് സഹാറന്‍. ആറ് മത്സരങ്ങളില്‍ നിന്നും 64.83 ശരാശരിയില്‍ ഒരു സെഞ്ച്വറി ഉള്‍പ്പടെ 389 റണ്‍സ് ഉദയ് ഇതുവരെ നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലില്‍ 81 റണ്‍സ് നേടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭവാന നല്‍കിയതും ഉദയ് സഹാറനായിരുന്നു. ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മുഷീര്‍ ഖാന്‍. ആറ് മത്സരങ്ങളില്‍ നിന്നും 67.60 ശരാശരിയില്‍ 338 റണ്‍സാണ് മുഷീര്‍ ഖാന്‍റെ സമ്പാദ്യം.
ടൂര്‍ണമെന്‍റില്‍ ഇതുവരെ കൂടുതല്‍ സെഞ്ച്വറികള്‍ അടിച്ചതും മുഷീര്‍ ഖാനാണ്. രണ്ട് മത്സരങ്ങളിലായിരുന്നു മുഷീര്‍ ഈ ലോകകപ്പില്‍ സെഞ്ച്വറി നേടിയത്. ഇടംകയ്യന്‍ സ്‌പിന്നറായ മുഷീര്‍ ടീമിനായി ചില നിര്‍ണായക വിക്കറ്റുകളും ലോകകപ്പില്‍ നേടിയിട്ടുണ്ട്.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരമാണ് സൗമി പാണ്ഡെ. ആറ് മത്സരങ്ങളും കളിച്ച സൗമി പാണ്ഡെ 17 വിക്കറ്റാണ് എറിഞ്ഞിട്ടത്. ടൂര്‍ണമെന്‍റില്‍ അഞ്ചില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള (2.44) ബൗളറും ഇന്ത്യന്‍ സ്‌പിന്നറായ സൗമി പാണ്ഡെയാണ്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വെന മഫാക, സ്റ്റീവ് സ്റ്റോള്‍ക്, പാകിസ്ഥാന്‍റെ ഉബൈദ് ഷാ, വെസ്റ്റ് ഇന്‍ഡീസ് താരം ജ്യുവൽ ആൻഡ്രൂ, ഓസ്‌ട്രേലിയന്‍ താരം ഹ്യൂഗ് വെയ്‌ബ്‌ഗെൻ എന്നിവരാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് ചുരുക്കപ്പട്ടികയിലെ മറ്റ് താരങ്ങള്‍.
Also Read : 'ദേ പിന്നേം' ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ സെമിയില്‍ വീണു; കൗമാര ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസീസ് പോരാട്ടം