ബെനോനി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ (U19 World Cup) സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കലാശപ്പോരിന് ടിക്കറ്റെടുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ബെനോനിയിലെ വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ കൂടിയായ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിടത്തു നിന്നായിരുന്നു നീലപ്പട തിരിച്ചടിച്ചത് (India vs South Africa). ഇതോടെ കഴിഞ്ഞ സീനിയർ ഏകദിന ലോകകപ്പിന് സമാനമായി സെമിയില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയ പ്രോട്ടീസ് ടീം ടൂര്‍ണമന്‍റില്‍ നിന്നും പുറത്താവുകയും ചെയ്‌തു.
ഫൈനലുറപ്പിക്കാന്‍ കഴിഞ്ഞതോടെ ആഘോഷത്തിമിര്‍പ്പിലായിരുന്നു ഇന്ത്യന്‍ ക്യാമ്പ്. എന്നാൽ ആതിഥേയരെ സംബന്ധിച്ചിടത്തോളം സാഹചര്യം നേരെ വിപരീതമായിരുന്നു. പലരും കണ്ണീരടക്കാന്‍ പാടുപെടുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതിനിടെ തന്‍റെ പ്രവര്‍ത്തിയിലൂടെ ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (Uday Saharan).
നിരാശയില്‍ മുഖം വാടിയിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ജുവാൻ ജെയിംസിനെ ( Juan James) കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു താരം ചെയ്‌തത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു പ്രോട്ടീസിനെ ഇന്ത്യ തോല്‍പ്പിച്ചത്. കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വി അറിയാതെയായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക ടീമുകള്‍ സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വന്നു.
ഹുവാൻ ഡ്രെ പ്രിറ്റോറിയസ് (102 പന്തില്‍ 76) , റിച്ചാർഡ് സെലെറ്റ്‌സ്‌വെയ്‌ന്‍ (100 പന്തില്‍ 64) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 244 റണ്‍സായിരുന്നു ടീമിന് നേടാന്‍ കഴിഞ്ഞത്. ഇന്ത്യയ്‌ക്കായി രാജ് ലിംബാനി (Raj Limbani ) മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഷീര്‍ ഖാന്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 248 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. പ്രോട്ടീസ് പേസര്‍മാര്‍ നിറഞ്ഞാടിയതോടെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം പാളി.
സ്‌കോര്‍ബോര്‍ഡില്‍ വെറും 32 റണ്‍സ് മാത്രം നില്‍ക്കെ നാല് വിക്കറ്റുകളായിരുന്നു ടീമിന് നഷ്‌ടമായത്. ആദര്‍ശ് സിങ് (0), അര്‍ഷിന്‍ കുല്‍ക്കര്‍ണി (12), മുഷീര്‍ ഖാന്‍ (4), പ്രിയാൻഷു മോലിയ (5) എന്നിവരാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്ക ജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സച്ചിന്‍ ദാസ് (96) - ഉദയ് സഹാരണ്‍ (81) എന്നിവര്‍ പക്വതയോടെ കളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.
സ്വതസിദ്ധമായ ബാറ്റ് വീശിയ സച്ചിന് ഉദയ് ഉറച്ച പിന്തുണ നല്‍കിയതോടെ അഞ്ചാം വിക്കറ്റില്‍ 171 റണ്‍സാണ് ഇരുവരും കണ്ടെത്തിയത്. ലക്ഷ്യത്തിന് തൊട്ടടുത്ത് സച്ചിന്‍ മടങ്ങിയെങ്കിലും സ്‌കോര്‍ സമനിലയിലാക്കിയതിന് ശേഷമാണ് ഉദയ് തിരിച്ച് കയറിയത്. അവസാന ഓവറുകളില്‍ രാജ് ലിംബാനി (4 പന്തില്‍ 13*) നടത്തിയ കടന്നാക്രമണം ഇന്ത്യയുടെ സമ്മര്‍ദം കുറച്ചു.