ബെനോനി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും (U19 Cricket World Cup 2024) ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടി ഓസ്‌ട്രേലിയ. ഫൈനലില്‍ 79 റണ്‍സിനാണ് ഓസ്‌ട്രേലിയന്‍ കൗമാരപ്പടയുടെ വിജയം. ഓസ്‌ട്രേലിയയുടെ 254 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീം 43.5 ഓവറില്‍ 174 റണ്‍സില്‍ ഓള്‍ഔട്ടായി (India U19 vs Australia U19 Final Result).
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ മൂന്നാം കിരീടനേട്ടമാണിത്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ ടീമിനോട് പരാജയപ്പെടുന്നതും ഇതാദ്യം. കൗമാര ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ വിജയലക്ഷ്യമാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്ക് മുന്നിലേക്ക് വച്ചത്.
ഹര്‍ജാസ് സിങ്ങിന്‍റെ അര്‍ധസെഞ്ച്വറിയും (55) ഹാരി ഡിക്‌സന്‍ (42), ഹ്യൂഗ് വെയ്‌ബ്‌ഗെൻ (48), ഒലീ പീക്കെ (46) എന്നിവരുടെ ബാറ്റിങ് മികവുമായിരുന്നു ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മത്സരത്തിന്‍റെ മൂന്നാം ഓവറില്‍ തന്നെ ഓസ്‌ട്രേലിയക്ക് തങ്ങളുടെ ഓപ്പണര്‍ സാം കോൻസ്റ്റാസിനെ നഷ്‌ടമായിരുന്നു.
രാജ് ലിംബാനിയാണ് ഓസീസ് ഓപ്പണറെ അക്കൗണ്ട് തുറക്കും മുൻപ് മടക്കിയത്. എന്നാല്‍, പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. 50 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 7 വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ഓസീസ് 253 എന്ന സ്കോറിലേക്ക് എത്തിയത്. രാജ് ലിംബാനി ഇന്ത്യയ്‌ക്കായി മൂന്ന് വിക്കറ്റ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ തന്നെ പ്രതിരോധത്തിലായി. ബാറ്റിങ് നിരയിലെ പ്രധാനികളായ അര്‍ഷിന്‍ കുല്‍ക്കര്‍ണി (3), മുഷീര്‍ ഖാന്‍ (22), ക്യാപ്‌റ്റൻ ഉദയ് സഹാറൻ (8), സച്ചിന്‍ ദാസ് (9) എന്നിവര്‍ അതിവേഗം മടങ്ങിയത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ ആറ് വിക്കറ്റും നഷ്‌ടപ്പെട്ടത്.
ക്രീസിനൊരുവശത്ത് നിലയുറപ്പിച്ച ആദര്‍ശ് സിങ്ങിന് ആവശ്യമായ പിന്തുണ നല്‍കാന്‍ മറ്റ് താരങ്ങള്‍ക്കുമായില്ല. 77 പന്തില്‍ 47 റണ്‍സ് നേടിയായിരുന്നു ആദര്‍ശ് പുറത്തായത്. എട്ടാം നമ്പറില്‍ ക്രീസിലെത്തി മുരുഗൻ പെരുമാള്‍ അഭിഷേകിന്‍റെ പോരാട്ടമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.
46 പന്തില്‍ 42 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഓസ്‌ട്രേലിയക്ക് വേണ്ടി പന്തെറിഞ്ഞ മഹില്‍ ബേര്‍ഡ്‌മാനും റാഫേല്‍ മാക്‌മിലനും മൂന്ന് വിക്കറ്റ് വീതം നേടി.