ഹൈദരാബാദ്: അണ്ടർ 19 ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി യു.പി സ്വദേശി 18-കാരനായ മുഹമ്മദ് അമന്‍ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത മാസം പുതുച്ചേരിയിൽ നടക്കുന്ന മത്സരത്തില്‍ അമന്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയെ നേരിടും. എന്നാല്‍ കഷ്‌ടപ്പാടിന്‍റെ നെറുകയില്‍ നിന്നും അണ്ടർ 19 ഇന്ത്യൻ ടീമിന്‍റെ നായകനിലേക്കെത്തിയ അമന്‍റെ കഥ ഏതൊരാളേയും പ്രചോദിപ്പിക്കുന്നതാണ്.
അമന്‍റെ അമ്മ സൈബ കോവിഡ്-19 സമയത്ത് മരിച്ചു. ജോലി നഷ്ടപ്പെട്ട ഒരു ട്രക്ക് ഡ്രൈവറായ പിതാവ് മെഹ്താബ് രണ്ട് വർഷത്തിന് ശേഷം ദീർഘനാളത്തെ അസുഖത്തിന് ശേഷം മരിച്ചു. അങ്ങനെ 16-ാം വയസ്സിൽ മുഹമ്മദ് അമൻ അനാഥനായി. തന്‍റെ മൂന്ന് ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്തമുള്ള കുടുംബത്തിന്‍റെ നാഥനായി മാറി അമന്‍. അന്ന് അമന് രണ്ട് വഴികളായിരുന്നു മുന്നിലുള്ളത്. ഒന്നുകിൽ ക്രിക്കറ്റ് കളിക്കുന്നത് തുടരുക, അല്ലെങ്കിൽ തന്‍റെ സ്വപ്‌നം ഉപേക്ഷിച്ച് മറ്റു ജോലികൾ തേടുക.
" orphaned, ‘head of family’ at 16, india junior captain at 18: up teen mohammad amaan’s journey"
— Aman Wadud (@AmanWadud) September 1, 2024
eyes are moist reading this story! https://t.co/rpsmLqwR33
“ എന്‍റെ അനുജത്തിയെയും രണ്ട് സഹോദരന്മാരെയും നോക്കേണ്ടതുണ്ടായിരുന്നു. ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുവെന്ന് അമന്‍ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ശേഷം സഹരൻപൂരിൽ ജോലി നോക്കി. പക്ഷേ ഒന്നും വിജയിച്ചില്ല. കുറച്ച് ആളുകൾ ഞാൻ ക്രിക്കറ്റ് തുടരണമെന്ന് പറഞ്ഞു. അവര്‍ സഹായിക്കാൻ തയ്യാറായിരുന്നു.
“വിശപ്പിനെക്കാൾ വലുതായി ഒന്നുമില്ല, ഞാൻ ഇപ്പോൾ എന്‍റെ ഭക്ഷണം പാഴാക്കുന്നില്ല, കാരണം അവ സമ്പാദിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. കാൺപൂരിൽ യുപിസിഎ (ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ) പ്രായപരിധിയിലുള്ള ട്രയൽസ് ഉണ്ടായിരുന്നു, ഞാൻ തീവണ്ടിയിൽ ടോയ്‌ലറ്റിന് സമീപം ഇരുന്നായിരുന്നു യാത്ര ചെയ്‌തത്. ഇപ്പോൾ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഒരു നല്ല ഹോട്ടലിൽ താമസിക്കുമ്പോഴും അതിന് ദൈവത്തോട് നന്ദി പറയുന്നു.
ഭക്ഷണം കഴിക്കാതെ ഉറങ്ങിയിട്ടുണ്ട്. ക്രിക്കറ്റിനിടയിൽ സമ്പാദിച്ച വേതനം കുടുംബത്തെ പോറ്റാൻ ഉപയോഗിക്കും. കഴിഞ്ഞ അണ്ടർ 19 സീസണിൽ സമ്പാദിച്ച ഓരോ പൈസയും തന്‍റെ വീട് നന്നാക്കാൻ ഉപയോഗിച്ചതായി അമൻ ഓർത്തു. തന്‍റെ പരിശീലകൻ രാജീവ് ഗോയലിനെപ്പോലെ കുറച്ച് പേരുടെ സഹായത്തിന് തരം നന്ദി പറഞ്ഞു.
അമൻ തന്നിലേക്ക് എത്തിയതെങ്ങനെയെന്ന് ഗോയൽ പറയുന്നു. അമന്‍ വന്ന് എന്നോട് പറഞ്ഞു എനിക്ക് ഏതെങ്കിലും തുണിക്കടയിൽ ജോലി തരൂ, വീട്ടിൽ പണമില്ല, ഇതു കേട്ട ശേഷം “എന്‍റെ അക്കാദമിയിൽ വരാനും യുവതാരങ്ങളെ പരിശീലിപ്പിക്കാനും അമനോട് ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്‌തു. അവൻ ദിവസവും എട്ട് മണിക്കൂർ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ഈ കഠിനാധ്വാനമാണ് ഫലം കണ്ടതെന്ന് ഗോയൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ വിനു മങ്കാഡ് ട്രോഫിയിൽ യുപി അണ്ടർ 19 ടീമിനായി എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 363 റൺസ് അമൻ നേടി. 98 ശരാശരിയിൽ 294 റൺസ് നേടിയ അമന്‍ അണ്ടർ 19 ചലഞ്ചർ സീരിസിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം കൂടിയായിരുന്നു. അമന്‍ 2024ല്‍ ആദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ സ്റ്റാൻഡ് ബൈ ആയിരുന്നു.
2016-ൽ എന്‍റെ അച്ഛന് ജോലി നഷ്ടപ്പെട്ടപ്പോൾ ഞങ്ങളുടെ വീട് വിൽക്കേണ്ടി വന്നു. ആ പണം കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചു. എന്‍റെ മാതാപിതാക്കൾക്ക് ഈ ദിവസം എന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അവരെ അത് വളരെയധികം അഭിമാനിപ്പിക്കുമായിരുന്നുവെന്ന് അമന്‍ കൂട്ടിച്ചേര്‍ത്തു.