ബാര്‍ബഡോസ്: ആവേശകരമായൊരു ഫൈനൽ മൽസരത്തിനൊടുവിൽ രോഹിത് ശർമയുടെ നായതകത്വത്തിൽ ലോകകപ്പ് കിരീടം ചൂടി ഇന്ത്യൻ ടീം.വിരാട് കോലിയുടെ അത്യുജ്വല ബാറ്റിങ്ങ് പ്രകടനത്തിന്‍റെ മികവില്‍ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസെടുത്ത ഇന്ത്യൻ ടീമിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങ് നിരയ്ക്ക് പിടിച്ച് നിൽക്കാനായില്ല. ഏഴ് റൺസ് അകലെ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയ ഇന്ത്യയ്‌ക്ക് നീണ്ട 11 വർഷത്തെ കാത്തിരിപ്പിന് ശേഷം മറ്റൊരു കിരീടം സ്വന്തമായി.
ലോകകപ്പിൽ ഇതേവരെ തിളങ്ങാനാവാതെ പോയ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയായിരുന്നു ബാർബഡോസിലെ താരം. 59 പന്തില്‍ നിന്നും 76 റൺസ് അടിച്ചെടുത്ത കോലിയും 31 പന്തിൽ നിന്ന് 47 റൺസ് സ്വന്തമാക്കിയ അക്‌സർ പട്ടേലുമാണ് ഇന്ത്യൻ ജയത്തിന് അടിത്തറയിട്ടത്. ശിവം ദുബെയുടെ മിന്നലാട്ടവും ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി.
ഹെൻറിച്ച് ക്ലാസൻ്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും ജസ്പ്രീത് ബും റയും ഹാർദിക് പാണ്ഡ്യയും അർഷദീപ് സിങ്ങുമടങ്ങുന്ന ഇന്ത്യൻ ബൗളിങ്ങ് നിര ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടുകയായിരുന്നു. 39 റണ്‍സ് നേടിയ ക്വിന്‍റണ്‍ ഡി കോക്കിനെ അര്‍ഷ്‌ദീപ് മടക്കിയതും അര്‍ധസെഞ്ച്വറിയുമായി തകര്‍ത്തടിച്ച ക്ലാസനെ ഹാര്‍ദിക് കൂടാരം കയറ്റിയതും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.
നേരത്തേ, ഇന്ത്യൻ നിരയിൽ 59 പന്തിൽ നിന്ന് 76 റൺസെടുത്ത വിരാട് കോലി ഈ ഫൈനൽ തന്‍റേതാണെന്ന് വിളംബരം ചെയ്തിരുന്നു. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്സ്. സൂര്യകുമാര്ർ യാദവ്, നായകൻ രോഹിത് ശർമ റിഷഭ് പന്ത് എന്നിവരും നിറം മങ്ങിപ്പോയെങ്കിലും അക്സര്‍ പട്ടേലും ശിവം ദുബെയും കോലിയ്‌ക്കൊപ്പം നിന്ന് ഇന്ത്യൻ സ്കോര്‍ ഉയര്‍ത്തി. ഒരു ഘട്ടത്തിൽ മൂന്നിന് 39 എന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിന്ന ഇന്ത്യയെ ഇവരൊക്കെച്ചേർന്നാണ് കരകയറ്റിയത്.
ഇതിൽ അക്‌സർ പട്ടേലിന്‍റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടി വരും. 31 പന്തിൽ നിന്ന് അക്‌സര്‍ പട്ടേൽ 47 റൺസ് നേടിയത് നാല് കൂറ്റൻ സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ പതിനഞ്ചാം ഓവറിൽ ബൗൾ ചെയ്യാനെത്തിയ അക്സർ പട്ടേൽ ഒരോവറിൽ 24 റൺസ് വഴങ്ങിയപ്പേൾ എല്ലാം കൈവിട്ടുവെന്ന് തോന്നിയയിടത്തു നിന്നാണ് ഇന്ത്യ തിരിച്ചു വന്നത്. മധ്യ ഓവറുകളിൽ സ്‌പിന്നർമാർ ഏറെ റൺ വഴങ്ങിയെങ്കിലും ബുംറയും അർഷദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും ചേർന്ന് ദക്ഷിണാഫ്രിക്കയെ വരിഞ്ഞു കെട്ടുകയായിരുന്നു. ഇന്ത്യൻ പേസ് ബൌളർമാരുടെ അവസാന അഞ്ച് ഓവറുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക വിജയം നിഷേധിച്ചത്.
വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്. ടി20 ലോകകപ്പിൽ ഇത് തന്‍റെ അവസാന ടൂർണമെന്‍റാണെന്ന് കോലി വ്യക്തമാക്കി. "കളി പുതിയതലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. കളി തോറ്റാലും റിട്ടയർമെന്‍റ് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു''- മത്സരശേഷം കോലി പറഞ്ഞു.
17 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ടി ട്വൻറി ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്. പുരുഷ ടി ട്വൻറി ലോകകപ്പിൽ രണ്ടു തവണ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. നേരത്തേ വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും രണ്ട് തവണ ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്.