ഡര്‍ബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ തകര്‍പ്പൻ സെഞ്ച്വറിയടിച്ച സഞ്ജു സാംസണെ വാനോളം പുകഴ്‌ത്തി ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ്. ഏറെ നാളായുള്ള സഞ്ജുവിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ക്യാപ്‌റ്റനെന്ന നിലയിലും സഞ്ജുവിന്‍റെ സുഹൃത്ത് എന്ന നിലയിലും ഇത് താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
'കഴിഞ്ഞ കുറേക്കാലമായി അവൻ നിരന്തരം കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിനിടയില്‍ തന്നെ വിരസമായ പല കാര്യങ്ങളും ചെയ്യേണ്ടി വന്നു. ആ കഷ്‌ടതയുടെയെല്ലാം ഫലമാണ് ഇന്ന് അവൻ അനുഭവിക്കുന്നത്.
അവന്‍റെ സ്വഭാവവും ഇവിടെ എടുത്ത് പറയേണ്ടതാണ്. താൻ 90 കടന്നപ്പോഴും ബൗണ്ടറികള്‍ പായിക്കാനാണ് അവൻ ശ്രമിച്ചത്. ടീമിന് വേണ്ടിയാണ് ഇവിടെ അവൻ കളിച്ചത്. ഇങ്ങനെയുള്ള താരങ്ങളെയാണ് ഇന്ത്യൻ ക്രിക്കറ്റിനും ആവശ്യം'- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
Suryakumar Yadav said " sanju samson was looking to hit boundaries even when he was batting in 90's, thinking about the team first, it shows his character". pic.twitter.com/zamnMvLWJz
— Johns. (@CricCrazyJohns) November 8, 2024
നേരത്തെ, സഞ്ജുവിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ എയ്‌ഡൻ മാര്‍ക്രവും രംഗത്തെത്തിയിരുന്നു. സഞ്ജുവെന്ന ഫാക്‌ടര്‍ മാത്രമാണ് മത്സരത്തില്‍ നിന്നും തങ്ങളെ കൂടുതല്‍ അകറ്റിയത്. ഈ രീതിയിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെങ്കില്‍ അദ്ദേഹത്തെ തടയുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നും മാര്‍ക്രം അഭിപ്രായപ്പെട്ടു. വരും മത്സരങ്ങളില്‍ സഞ്ജുവിനെ നേരിടാൻ ടീം കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുമെന്നും മാര്‍ക്രം വ്യക്തമാക്കിയിട്ടുണ്ട്.
ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി 50 പന്തില്‍ 107 റണ്‍സാണ് സഞ്ജു നേടിയത്. പത്ത് സിക്‌സറുകളും ഏഴ് ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ സഞ്ജുവിനായിരുന്നു.
അതേസമയം, സഞ്ജുവിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 8 വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസിനെ 141 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 61 റണ്‍സിന്‍റെ ജയം നേടുകയും ചെയ്‌തിരുന്നു. ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ടീം ഇന്ത്യയ്‌ക്കായി.
Also Read : 10 വര്‍ഷത്തെ കാത്തിരിപ്പ്! ചരിത്രനേട്ടത്തിന് പിന്നാലെ വികാരഭരിതനായി സഞ്ജു സാംസണ്‍