കോഴിക്കോട്: അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടേക്ക് മാറ്റിയ മസ്‌തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പൻ്റെ മസ്‌തകത്തിലെ മുറിവ് ആഴത്തിലുള്ളതെന്ന് മയക്കുവെടി വെച്ച ഡോ അരുൺ സക്കറിയ ഇടിവി ഭാരതിനോട്. അണുബാധയാണ് വലിയ വെല്ലുവിളി. ആനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയാൻ കഴിയില്ലെന്നും രണ്ട് ദിവസം നിർണായകമാണെന്നും അരുൺ സക്കറിയ ചൂണ്ടിക്കാട്ടി.
'മുറിവിൽ നിറയെ പുഴുക്കളായിരുന്നു. മുറിവ് വീതി കൂട്ടി പുഴുക്കളെ നീക്കം ചെയ്‌ത് മരുന്ന് വെച്ച് കെട്ടി. അണുബാധയാണ് വലിയ വെല്ലുവിളി. ആൻ്റി ബയോട്ടിക്ക് നൽകി അനുബാധ പടരുന്നത് തടയണം. കാട്ടിൽ നിർത്തിയുള്ള ചികിത്സ സാഹസമാണ്. അതുകൊണ്ടാണ് കോടനാട്ടേക്ക് കൊണ്ടുപോകുന്നത്. ആനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയാൻ കഴിയില്ല. രണ്ട് ദിവസം നിർണായകമാണ്" - അരുൺ സക്കറിയ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുറിവിൽ ഈച്ച വന്നിരുന്ന് മുട്ടയിട്ടാണ് പുഴുക്കൾ ഉണ്ടാവുന്നതെന്ന് ആന ചികിത്സയിലെ വിദഗ്‌ധനായ ഡോ വിവേക് പറഞ്ഞു. മുറിവിൽ കിടന്ന് പുഴു പെരുകും. അതിനൊപ്പം തുമ്പിക്കൈ കൊണ്ട് മണൽ കൂടി വാരിയെറിയുന്നതോടെ മുറിവ് പഴുക്കും. പഴുപ്പ് പൂർണമായും നീക്കം ചെയ്യുന്നതാണ് ആദ്യത്തെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
'പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽ ചെറിയ മയക്കത്തോടെയായിരിക്കും ആദ്യ ഘട്ടത്തിൽ ചികിത്സ നൽകുക. ബാക്‌ടീരിയ പടരാതിരിക്കാൻ കുത്തിവെപ്പിലൂടേയും വായിലൂടേയും ആൻ്റിബയോട്ടിക് നൽകും. മൂന്ന് ആഴ്‌ചയിൽ ആനയുടെ ആരോഗ്യം മെച്ചപ്പെടും എന്നാണ് പ്രതീക്ഷ. മരുന്നിനോടുള്ള പ്രതികരണമാണ് ഏറെ പ്രധാനം. ഉണക്കം വേഗത്തിലായാൽ ദൗത്യം വിജയിക്കും,' ഡോ വിവേക് പറഞ്ഞു.