ലണ്ടന്‍: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വിയായിരുന്നു ടീം ഇന്ത്യ വഴങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 231 റൺസ് വിജയലക്ഷ്യം പിന്തുടരാന്‍ ഇന്ത്യയ്‌ക്കായിരുന്നില്ല. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനാകാതെ പോയതായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
തോല്‍വിയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഉയരുന്നത്. മത്സരത്തില്‍ ശരാശരി മാത്രമായിരുന്നു രോഹിതിന്‍റെ ക്യാപ്‌റ്റന്‍സിയെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍, രോഹിതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു ഇംഗ്ലണ്ട് താരം കൂടിയായ സ്റ്റീവ് ഹാര്‍മിസണ്‍ (Steve Harmison Against Rohit Sharma).
മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് രോഹിത് ശര്‍മയുടെ ക്യാപ്‌റ്റൻസി മികവ് ഉയര്‍ന്നില്ലെന്നാണ് സ്റ്റീവ് ഹാര്‍മിസണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് വിജയത്തിന്‍റെ ക്രെഡിറ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സിന് അര്‍ഹതപ്പെട്ടതാണെന്നും മുന്‍ ഇംഗ്ലീഷ് പേസര്‍ കൂട്ടിച്ചേര്‍ത്തു.
'അവിശ്വസനീയമായ ജയമായിരുന്നു ഇത്. ഇവിടെ, ഇംഗ്ലണ്ട് ജയിക്കും എന്ന് വിശ്വസിച്ചിരുന്നത് ബെന്‍ സ്റ്റോക്‌സ് മാത്രമായിരുന്നു. ഇക്കാര്യം, തന്‍റെ ടീമിലെ പത്ത് പേരെയും വിശ്വസിപ്പിക്കാനും സ്റ്റോക്‌സിനായി.
ഇന്ത്യ 190 റണ്‍സ് ലീഡ് നേടിയപ്പോള്‍ പലരും ഇംഗ്ലണ്ടിനെ എഴുതിതള്ളി. എന്നാല്‍, അവിടെയായിരുന്നു അവര്‍ തങ്ങളുടെ മികവ് കാണിച്ചത്. സ്കോര്‍ ബോര്‍ഡിലേക്ക് നോക്കാതെയാണ് അവര്‍ മൂന്നാം ഇന്നിങ്‌സിലേക്ക് കടന്നത്. നാലാം ഇന്നിങ്‌സില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ എന്താണോ വേണ്ടത് അത് സ്വന്തമാക്കാനായിരുന്നു അവരുടെ തീരുമാനവും'-ഇഎസ്‌പിഎന്‍ ക്രിക്‌ഇൻഫോയോട് സ്റ്റീവ് ഹാര്‍മിസണ്‍ പറഞ്ഞു.
മത്സരത്തില്‍ 196 റണ്‍സ് അടിച്ച ഇംഗ്ലീഷ് ബാറ്റര്‍ ഒലീ പോപ്പിനെയും ഹാര്‍മിസണ്‍ പ്രശംസിച്ചു. 9 ഇന്നിങ്‌സ് കളിച്ച് ഇന്ത്യയില്‍ 34 റണ്‍സ് മാത്രം നേടിയ ഒരാള്‍ 196 റണ്‍സ് ഒരൊറ്റ ഇന്നിങ്‌സില്‍ അടിച്ചെടുക്കുക എന്നത് അവിശ്വസനീയമായ കാര്യമാണ്. ഒലീ പോപ്പിന്‍റെ പ്രകടനത്തില്‍ എനിക്ക് സന്തോഷമുണ്ട്.
പരമ്പരയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും ഫേവറേറ്റ്‌സ്. എന്നാല്‍, ഹൈദരാബാദിലെ തോല്‍വി അവരെ ഒന്ന് കൂടി ചിന്തിപ്പിക്കുന്നതാണെന്നും ഹാര്‍മിസണ്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. പരമ്പരയിലെ അടുത്ത മത്സരത്തിന് വിശാഖപട്ടണമാണ് വേദിയാകുന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മത്സരം ആരംഭിക്കുന്നത്.
Also Read : മോശം ഫോമിനൊപ്പം താരങ്ങളുടെ പരിക്കും, കണ്ടറിയണം വിശാഖപട്ടണത്ത് ഇന്ത്യയുടെ 'അവസ്ഥ'