ന്യൂഡല്‍ഹി: 2024 പാരിസ് ഒളിമ്പിക്‌സില്‍ ചരിത്ര വിജയം നേടിയ മനു ഭാക്കറിന്‍റെ പരിശീലനത്തിനായി ചെലവഴിച്ചത് 2 കോടി രൂപയെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിനെ അഭിനന്ദിക്കുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ജർമ്മനിയിലും സ്വിറ്റ്‌സർലൻഡിലും പരിശീലനത്തിനയച്ചതും മനു ഭാക്കറിന്‍റെ ഇഷ്‌ടാനുസരണം പരിശീലകനെ നിയമിച്ചിതിനുമെല്ലാം കൂടിയാണ് 2 കോടി രൂപ ചെലവായതെന്നും മന്ത്രി പറഞ്ഞു.
ഇത് ഒളിമ്പിക്‌സില്‍ മനു ഭാക്കറിന് മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സഹായകമായി എന്നും മന്ത്രി പറഞ്ഞു. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിന് എല്ലാ കായിക താരങ്ങൾക്കും ഈ സഹായം നല്‍കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഒളിമ്പിക്‌സിന് മുമ്പ് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ, 'ഖേലോ ഇന്ത്യ' സംരംഭം തന്നെപ്പോലുള്ള നിരവധി കായിക താരങ്ങളെ കരിയർ രൂപപ്പെടുത്താൻ സഹായിച്ചു എന്ന് മനു ഭാക്കര്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായും മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. ഖേലോ ഇന്ത്യയിലൂടെ നിരവധി കായിക താരങ്ങൾ നിരവധി പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും മാണ്ഡവ്യ ചൂണ്ടിക്കാട്ടി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയാണ് മനു ഭാക്കര്‍ ചരിത്രം കുറിച്ചത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 22 കാരിയായ മനു ഭാക്കര്‍.