ക്രിക്കറ്റ് ലോകകപ്പുകളിൽ സെമിക്കുരുക്കിൽ കുടുങ്ങി മടങ്ങിയ ചരിത്രമാണ് ദക്ഷിണാഫ്രിക്കയുടേത്. ഇതാദ്യമായി ഒരു ലോകകപ്പിന്‍റെ ഫൈനലിൽ എത്തിയപ്പോൾ മുത്താൻ എത്തി നിന്ന കപ്പും വഴുതിപ്പോയി. സങ്കടകരമാണ് പ്രോട്ടീസിന്‍റെ അവസ്ഥ.
ഈ തവണ അതിന് കാരണക്കാരായത് ഇന്ത്യയും. ഫിഫ്റ്റിയടിച്ച് മാരക ഫോമിലായ ഹെൻറിച്ച് ക്ലാസന് ഓഫിൽ കുരുക്കിട്ടത് ഹാർദിക്ക് പാണ്ഡ്യ. കത്തിക്കയറി വന്ന ഡേവിഡ് മില്ലറെ അതിർത്തിയിൽ വെച്ച് തീർത്തത് സൂര്യകുമാർ യാദവ്. നാല് വിക്കറ്റ് വീണാൽ വിയർക്കുന്ന ദക്ഷിണാഫ്രിക്ക ബാർബഡോസിൽ കയർത്തു.
കപ്പില്ലാത്ത കണ്ണീരോടെ മടങ്ങുന്നവർക്ക് തെല്ലൊന്നാശ്വസിക്കാം. സെമിക്കടമ്പ കടന്നു കിട്ടിയതിൽ. അത്രക്ക് കണ്ണീർ പൊഴിച്ചിട്ടുണ്ട് പ്രോട്ടീസുകാർ.
അതികായൻമാരുടേയും കേമൻമാരുടേയും പട ഏകദിനത്തിലും ടി20യിലുമായി ഏഴ് പ്രാവശ്യമാണ് ലോകകപ്പ് സെമിയിൽ വീണത്. നിർഭാഗ്യമാണ് മിക്കപ്പോഴും അവരുടെ വഴി മുടക്കിയത്. ചിലപ്പോൾ കരുത്ത് ചോർന്നും.
1992ലെ ലോകകപ്പിൽ മഴ നിയമമാണ് ദക്ഷിണാഫ്രിക്കക്ക് വില്ലനായത്. സെമിയിൽ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 45 ഓവറിൽ ആറ് വിക്കറ്റ് നഷട്ത്തിൽ 252 റൺസ്. ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 19 പന്തിൽ 22 റൺസ് വേണ്ടപ്പോൾ മഴയെത്തി.
മഴമാറി കളി പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കണ്ട് കണ്ണ് തള്ളിപ്പോയി. ഒരു പന്തിൽ 22 റൺസ്. മഴ നനഞ്ഞ സിഡ്‌നിയിൽ നിന്നും നിസഹായരായി കെപ്ലർ വെസൽസും സംഘവും മടങ്ങി.
1999ൽ എഡ്‌ജ്‌ബാസ്റ്റണിലായിരുന്നു ആ നിർഭാഗ്യ സെമി. ഹാൻസി ക്രോന്യയുടെ നേതൃത്വത്തിലുള്ള ടീം അന്നത്തെ കരുത്തരായിരുന്നു. ഒസ്ട്രേലിയയായിരുന്നു എതിരാളികൾ. മുൻനിര ബാറ്റ്സ്‌മാൻമാരെ മാന്ത്രിക സ്‌പിന്നിൽ ഷെയ്ൻ വോൺ കൂടാരം കയറ്റിയപ്പോൾ പിടിച്ച് നിന്ന ജാക്ക് കല്ലീസും വോണിന് മുന്നിൽ വീണു.
പിന്നെ കണ്ടത് ഒരു വെടിക്കെട്ടായിരുന്നു. ലാൻസ് ക്ലൂസ്‌നറിന്‍റെ ഒറ്റയാനടി. എന്നാൽ, അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്‌നറും തമ്മിലുള്ള കൂട്ടുകെട്ട് അവസാന പന്തിൽ റണ്ണൗട്ടിൽ കലാശിച്ചതോടെ മത്സരം ടൈയിൽ അവസാനിച്ചു.
അന്നത്തെ നമ്പർ വൺ ബൗളർ അലൻ ഡൊണാൾഡിന്‍റെ പിഴവും വിനയായി. ഒടുവിൽ നെറ്റ് റൺറേറ്റിന്‍റെ ബലത്തിൽ ഒസ്‌ട്രേലിയ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു അത്. 2007ലെ സെമിയിലും ഓസ്ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക വെറും 149 റൺസിന് പുറത്തായി. ഓസ്ട്രേലിയ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ അനായാസ ജയം നേടി.
നാല് വിക്കറ്റെടുത്ത ഷോൺ ടെയ്റ്റും മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ മഗ്രാത്തുമായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളെ തകർത്തത്. 2015ൽ ന്യൂസിലാൻഡാണ് ഫൈനലിലേക്കുള്ള വഴിമുടക്കിയത്. ഓക്‌ലൻഡിൽ നടന്ന മത്സരം മഴ കാരണം ഓവറുകൾ ചുരുക്കിയതും ഫീൽഡിങ് പിഴവുകളുമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 43 ഓവറിൽ അഞ്ചിന് 281 റൺസടിച്ചപ്പോൾ ന്യൂസിലാൻഡിന്‍റെ ലക്ഷ്യം 43 ഓവറിൽ 298 റൺസായി നിർണയിച്ചു. എന്നാൽ, ഡെയ്ൽ സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സടിച്ച് ഗ്രാന്‍റ് എലിയട്ട് കിവികൾക്ക് നാല് വിക്കറ്റിന്‍റെ വിജയം സമ്മാനിച്ചപ്പോൾ ഡിവില്ലിയേഴ്‌സും സംഘവും ഹതഭാഗ്യരായി.
2023-ൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പതിൽ ഏഴ് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ ഇടം നേടിയത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമിയിൽ ടോസ് നേടിയ അവർ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ, 24 റൺസെടുക്കുമ്പോഴേക്കും നാല് മുൻനിര വിക്കറ്റുകൾ ഓസീസ് എറിഞ്ഞുവീഴ്ത്തി.
ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിൽ ഓസ്ട്രേലിയക്ക് മുമ്പിൽ 213 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ ഓസീസ് 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. അഞ്ചാം തവണയും ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നം പൊലിഞ്ഞു. 2009, 2014 വര്‍ഷങ്ങളിലായിരുന്നു ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ സെമിയിലെ പുറത്താകല്‍.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആദ്യമായി ഇപ്രാവശ്യം അവര്‍ ഒരു ഫൈനലിന് യോഗ്യത നേടി. അവിടെ വീണുപോയെങ്കിലും ഇനി മുന്നോട്ടുള്ള അവരുടെ യാത്ര കപ്പിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.