രാജ്‌കോട്ട്: ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള അരങ്ങേറ്റം തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയിലൂടെ മനോഹരമാക്കാന്‍ സാധിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ട് സംഭവിച്ച റണ്‍ ഔട്ടിലൂടെയാണ് സര്‍ഫറാസ് ഖാന് (Sarfaraz Khan) തിരികെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ (India vs England 3rd Test) ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ 82-ാം ഓവറിലായിരുന്നു സര്‍ഫറാസ് ഖാന്‍ പുറത്തായത്. 66 പന്തില്‍ 62 റണ്‍സ് നേടിയ താരം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായി സിംഗിള്‍ ഓടുന്നതിനിടെയുണ്ടായ ആശയക്കുഴപ്പത്തിനൊടുവിലാണ് വിക്കറ്റായത്.
സര്‍ഫറാസിന്‍റെ പുറത്താകലില്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഇതിനിടെ റണ്‍ ഔട്ടില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. ക്രിക്കറ്റില്‍ സാധാരണമായ ഒന്നാണ് ഇങ്ങനെയുള്ള പുറത്താകലുകള്‍ എന്നാണ് സര്‍ഫറാസിന്‍റെ അഭിപ്രായം (Sarfaraz Khan About His Run Out).
'റണ്‍ ഔട്ടിലൂടെ പുറത്താകുന്നതെല്ലാം ക്രിക്കറ്റില്‍ സര്‍വസാധാരണമായ കാര്യമാണ്. ആശയവിനിമയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ചിലപ്പോള്‍ റണ്‍സ് ലഭിക്കും, മറ്റ് ചിലപ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടും. ഇങ്ങനെ വിക്കറ്റ് പോകുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എന്‍റെ ആദ്യത്തെ മത്സരമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബാറ്റ് ചെയ്യുമ്പോള്‍ സംസാരിക്കണമെന്ന് ഞാന്‍ നേരത്തെ തന്നെ രവീന്ദ്ര ജഡേജയോട് പറഞ്ഞിരുന്നു. മത്സരത്തിനിടെ സംസാരിക്കാന്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഒരാളാണ് ഞാൻ.
അതുകൊണ്ട് തന്നെ അദ്ദേഹം ബാറ്റ് ചെയ്യുന്നതിനിടെ എന്നോട് സംസാരിച്ചിരുന്നു. ക്രീസിലുണ്ടായിരുന്നപ്പോള്‍ ജഡേജ നല്ലതുപോലെ എന്നെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു. കഴിയുന്നത്രയും സമയം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് എനിക്ക് ഇതുപോലെ റണ്‍സ് നേടാന്‍ സാധിച്ചത്'- രാജ്‌കോട്ട് ടെസ്റ്റിന്‍റെ ഒന്നാം ദിവസത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സര്‍ഫറാസ് ഖാന്‍ പറഞ്ഞു.
രാജ്‌കോട്ട് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ മികച്ച സ്കോറിലാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയുടെയും സര്‍ഫറാസ് ഖാന്‍റെ അര്‍ധസെഞ്ച്വറിയുടെയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 326 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഒന്നാം ഇന്നിങ്‌സില്‍ കൂറ്റൻ സ്കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചിട്ടുണ്ട്.
Also Read : 'എന്‍റെ മാത്രം തെറ്റ്'... സര്‍ഫറാസ് ഖാന്‍റെ റണ്‍ഔട്ടില്‍ ക്ഷമാപണം നടത്തി രവീന്ദ്ര ജഡേജ