ഇറ്റാനഗര്‍ (അരുണാചൽ പ്രദേശ്): സന്തോഷ് ട്രോഫി (Santosh Trophy) ഫൈനല്‍ റൗണ്ടില്‍ കേരളം ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ അസമിനെയാണ് കേരളം തോല്‍പ്പിച്ചത്. (Kerala vs Assam highlights) ഗോള്‍ഡന്‍ ജൂബിലെ സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കേരളം വിജയം പിടിച്ചത്.
കെ അബ്‌ദുറഹീം, ഇ സജീഷ്, ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് എന്നിവരാണ് കേരളത്തിന്‍റെ ഗോള്‍ സ്‌കോററര്‍മാര്‍. ദീപു മൃതയാണ് അസമിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഒരു ഗോളടിച്ച കേരളം രണ്ടാം പകുതിയിലാണ് മറ്റ് രണ്ട് ഗോളുകള്‍ കൂടി കണ്ടെത്തിയത്.
19-ാം മിനിട്ടില്‍ തന്നെ കേരളം മുന്നിലെത്തിയിരുന്നു. മധ്യനിര താരം അബ്‌ദുറഹീമായിരുന്നു ഗോളടിച്ചത്. മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ അബ്‌ദുറഹീമിന്‍റെ ഇടങ്കാലന്‍ ഷോട്ടായിരുന്നു അസം ഗോളിയെ നിഷ്‌പ്രഭനാക്കിയത്. രണ്ടാം പകുതിയില്‍ 67-ാം മിനിട്ടില്‍ കേരളം ലീഡുയര്‍ത്തി.
ഇ സജീഷായിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. മുഹമ്മദ് ആഷിഖ് നല്‍കിയ മനോഹരമായ പാസാണ് ഗോളിന് വഴിയൊരുക്കിയത്. 77-ാം മിനിട്ടിലായിരുന്നു ദിപു മിർധയിലൂടെ അസമിന്‍റെ ആശ്വാസ ഗോൾ പിറന്നത്. എന്നാല്‍ 95-ാം മിനിട്ടില്‍ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് കേരളത്തിന്‍റെ ഗോള്‍ പട്ടിക തികച്ചു.
മുഹമ്മദ് സഫ്‌നീദില്‍ നിന്നും ബോക്‌സിന് ഉള്ളിലേക്ക് ലഭിച്ച പാസില്‍ അസം പ്രതിരോധ താരങ്ങളെ മറികടന്നുകൊണ്ടാണ് നിജോ ഗില്‍ബര്‍ട്ട് ഗോളടിച്ചത്. രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ അസമിന് കഴിഞ്ഞിരുന്നു. ഒരു തവണ കേരളത്തിന്‍റെ വലയിലേക്ക് പന്ത് കയറ്റാനും ടീമിനായെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യം വച്ചാണ് കേരളം പോര് തുടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്‌ച ഗോവയ്‌ക്ക് എതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.
അതേസമയം ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ സര്‍വീസസ് മേഘാലയയെ തോല്‍പ്പിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സര്‍വീസസ് വിജയം നേടിയത്. പെനാല്‍റ്റിയിലൂടെ പി ഷഫീലാണ് സര്‍വീസസിന്‍റെ വിജയ ഗോള്‍ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള പോരാട്ടം 90 മിനിട്ട് വരെ ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ 97-ാം മിനിട്ടില്‍ വീണുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സര്‍വീസസ് കളി പിടിക്കുകയായിരുന്നു.
12 ടീമുകളെ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. അസമിനെ കൂടാതെ ആതിഥേയരായ അരുണാചല്‍ പ്രദേശ്, ഗോവ, മേഘാലയ, സര്‍വീസസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ കേരളത്തിന്‍റെ എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ കര്‍ണാടക, മഹാരാഷ്‌ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയിവേസ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നതാണ് രീതി.
ALSO READ: 'അതെല്ലാം കെട്ടുകഥ' ; ഹോങ്കോങ്ങില്‍ എന്തുകൊണ്ട് കളിച്ചില്ല ?, വിശദീകരണവുമായി മെസി