മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ താരം സഞ്ജയ് മഞ്‍ജരേക്കർ. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് സഞ്ജയ് മഞ്‍ജരേക്കർ തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലിയേയും ഹാര്‍ദിക് പാണ്ഡ്യയേയും മഞ്‍ജരേക്കർ ഒഴിവാക്കിയെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരനാണെങ്കിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഹാര്‍ദിക്കിനാവട്ടെ ടൂര്‍ണമെന്‍റില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തകര്‍ത്തടിക്കുന്ന ശിവം ദുബെയ്‌ക്കും മഞ്‍ജരേക്കറുടെ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍ 58-കാരന്‍റെ സ്‌ക്വാഡിന്‍റെ ഭാഗമാണ്. സഞ്‌ജുവിനെ കൂടാതെ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി സ്‌ക്വാഡിലുണ്ട്. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മറ്റ് പ്രധാന ബാറ്റര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി ആരും തന്നെ സഞ്ജയ് മഞ്‍ജരേക്കറുടെ ടീമില്‍ ഇടം നേടിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ എന്നിവരാണ് സ്‌പിന്‍ ഓൾ റൗണ്ടർമാര്‍. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ടീമിലെ പ്രധാന സ്‌പിന്നര്‍മാര്‍. ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ് എന്നിവര്‍ക്കാണ് മഞ്‍ജരേക്കര്‍ ഇടം നല്‍കിയിരിക്കുന്നത്.
മഞ്ജരേക്കര് തിരഞ്ഞെടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ്, ക്രുണാൽ പാണ്ഡ്യ.
അതേസമയം ജൂണ്‍ രണ്ട് മുതല്‍ 29-വരെയാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയരാവുന്നത്. ഇന്ത്യ ഉള്‍പ്പെടെ ആകെ 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കാന്‍ ഇറങ്ങുന്നത്.
ഗ്രൂപ്പ് എയിലാണ് നീലപ്പട പ്രാഥമിക ഘട്ടത്തില്‍ കളിക്കുന്നത്. ചിരവൈരികളായ പാകിസ്ഥാനേയും അതിഥേയരായ അമേരിക്കയേയും കൂടാതെ അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലായിരുന്നു ഇന്ത്യ പുറത്തായത്.