ടി20 ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 11 വര്‍ഷങ്ങളായുള്ള കിരീട വരള്‍ച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി അവസാനിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇന്ത്യ ഇറങ്ങുമ്പോള്‍ വെറ്ററൻ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കത്തിക്കയറുന്നത് കാണാനും വേണ്ടിയാണ് കളിയാസ്വാദകര്‍ കാത്തിരിക്കുന്നത്.
ഇന്നത്തെ ഫലം ജയമാണെങ്കിലും പരാജയമാണെങ്കിലും ഇന്ത്യയുടെ രാജ്യാന്തര ടി20 ജഴ്‌സിയില്‍ രോഹിത്തിന്‍റെയും കോലിയുടെയും അവസാന മത്സരമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. നിലവില്‍ രോഹിത്തിന് 37 വയസുണ്ട്, വിരാട് കോലിയുടെ പ്രായം 35 പിന്നിട്ടു. 2026ലെ ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യൻ ടീമില്‍ ഒരു തലമുറ മാറ്റമുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്.
കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെ തന്നെ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റിലേക്ക് പരിഗണിക്കരുതെന്ന വാദം പലരും ഉന്നയിച്ചിരുന്നു. 2022ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ ശേഷം ഏകദേശം ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. കോലിയുടെയും രോഹിത്തിന്‍റെയും കളി ശൈലി ടി20 ക്രിക്കറ്റിന്‍റെ വേഗത്തിന് യോജിച്ചതല്ല എന്നതായിരുന്നു പൊതുവെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍, ഇടവേളയ്‌ക്ക് ശേഷം ട്രാക്ക് മാറ്റി ഇറങ്ങിയ ഇരുവരും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കുകയായിരുന്നു.
കഴിഞ്ഞ ടി20 ലോകകപ്പുകളില്‍ വിരാട് കോലിയായിരുന്നു ഇന്ത്യൻ ബാറ്റിങ് നിരയെ നയിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് രോഹിത് ശര്‍മയാണ്. ഏഴ് കളിയില്‍ നിന്നും 248 റണ്‍സ് ഇതിനോടകം തന്നെ ഇന്ത്യൻ നായകൻ അടിച്ചെടുത്തിട്ടുണ്ട്. കലാശപ്പോരിലും ഇന്ത്യൻ നായകനിലാണ് ആരാധകരുടെ റണ്‍സ് പ്രതീക്ഷകള്‍.
മറുവശത്ത്, ഐപിഎല്ലില്‍ കാട്ടിയ മികവ് ടി20 ലോകകപ്പില്‍ നടത്താൻ വിരാട് കോലിയ്ക്ക് സാധിച്ചിട്ടില്ല. ഏഴ് കളിയില്‍ നിന്നും 75 റണ്‍സാണ് കോലി ഇതുവരെ നേടിയത്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഫൈനലില്‍ കോലിയുടെ മികച്ച പ്രകടനം കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.