മെൽബൺ: ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസിനെതിരായ മത്സരങ്ങളിലെ മോശം ക്യാപ്‌റ്റന്‍സിയിലും ബാറ്റിങ്ങിലെ നിറംമങ്ങിയ പ്രകടനത്തെ തുടര്‍ന്നും ആരാധകര്‍ക്കിടയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. വിരമിക്കൽ പ്രഖ്യാപനം എപ്പോള്‍, എങ്ങനെ എന്നതിനെ പറ്റി വ്യക്തതയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിഷയത്തിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും സെലക്ടർമാരും തമ്മിൽ വിശദമായ ചർച്ച നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഡബ്ല്യുടിസി ഫൈനലിൽ എത്തിയാലും രോഹിതിനെ ടീമിൽ നിലനിർത്തുന്നതിൽ ഉദ്യോഗസ്ഥര്‍ അനുകൂലിക്കുന്നില്ലായെന്നാണ് സൂചന. ഫൈനലിൽ എത്തുകയാണെങ്കില്‍ അന്തിമ ടീമിൽ തന്നെ നിലനിർത്താൻ രോഹിത് സെലക്ടർമാരോട് അഭ്യർത്ഥിക്കും.
അപ്പീൽ സ്വീകരിച്ചില്ലെങ്കിൽ, ഇന്ത്യൻ ക്യാപ്റ്റന്‍ തന്‍റെ അവസാന മത്സരം സിഡ്‌നിയിൽ വെള്ള ജേഴ്‌സിയിൽ കളിക്കുന്നത് കാണാം. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തില്‍ നിന്നും രോഹിത് വിരമിക്കുമെന്നാണറിയുന്നത്. ടി20 ലോകകപ്പ് നേടിയ ശേഷം താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം 15 ഇന്നിംഗ്‌സുകളിൽ നിന്ന് രോഹിതിന്‍റെ ആകെ സ്‌കോർ 164 മാത്രമാണ്. നിലവിലെ ഓസ്‌ട്രേലിയൻ പരമ്പരയിലെ കണക്കുകൾ മാത്രമാണ് കൂടുതൽ ഭയപ്പെടുത്തുന്നത്.
അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി രോഹിതിന്‍റെ സമ്പാദ്യം 31 റൺസാണ്. രോഹിത് ഇല്ലാതിരുന്ന ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ ജസ്‌പ്രീത് ബുംറയുടെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ജയം പിടിച്ചിരുന്നു. കഴിഞ്ഞ നാലു ടെസ്റ്റുകളില്‍ നിന്നായി ബുംറ ഇതുവരെ 30 വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ എങ്ങനെയെങ്കിലും ഫൈനലിൽ എത്തിയാലും സെലക്ടർമാരുടെ അന്തിമ ചിന്തയിൽ രോഹിതില്ല. സിഡ്‌നി ടെസ്റ്റിലെ വിജയമല്ലാതെ മറ്റെന്തെങ്കിലും ഫലം ലഭിച്ചാൽ രോഹിത് തന്‍റെ ടെസ്റ്റ് കരിയർ അവിടെ അവസാനിപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.
എന്നാൽ, മെൽബൺ ടെസ്റ്റിലെ തോൽവിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് വിരമിക്കൽ സൂചന നൽകിയില്ല. എന്നാൽ താരം നിരാശനാണെന്ന് വ്യക്തമാണ്.