ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ എത്തിയതിന് പിന്നാലെ വികാരഭരിതനായി ഇന്ത്യൻ നായകൻ രോഹിത് ശര്‍മ. മത്സരശേഷം ഇന്ത്യയുടെ ജയത്തില്‍ സന്തോഷം അടക്കാൻ സാധിക്കാതെ ആനന്ദകണ്ണീര്‍ പൊഴിച്ച രോഹിത്തിനെ വിരാട് കോലി ആശ്വസിപ്പിക്കുന്ന വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഡ്രസിങ് റൂമിന് പുറത്തായിരുന്നു ആരാധക മനം കവര്‍ന്ന ഈ കാഴ്‌ച.
ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിനായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 103 റണ്‍സില്‍ ഓള്‍ഔട്ടാക്കാൻ ഇന്ത്യയ്‌ക്കായി. സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനങ്ങളായിരുന്നു ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തിന് പിന്നാലെ ഡ്രസിങ് റൂമിന് പുറത്ത് വികാരഭരിതനായിട്ടായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശര്‍മ ഇരുന്നിരുന്നത്. ഇവിടേക്ക് ചെറുപുഞ്ചിരിയോടെ എത്തിയ വിരാട് കോലി രോഹിതിനോട് സംസാരിച്ച ശേഷം ഡ്രസിങ് റൂമിനുള്ളിലേക്ക് കയറിപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Emotional Rohit Sharma after qualifying into the final. ❤️ pic.twitter.com/XBv30UVixW
— Johns. (@CricCrazyJohns) June 27, 2024
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ നായകൻ രോഹിത് ശര്‍മയുടെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമായിരുന്നു ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മഴയെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി ആരംഭിച്ച മത്സരത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ബാറ്റിങ് അല്‍പം ദുഷ്‌കരമായിരുന്നു. പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ വിരാട് കോലിയെയും റിഷഭ് പന്തിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ചാണ് പിന്നീട് രോഹിത് ശര്‍മ ഇന്ത്യൻ ടീമിന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. 39 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ട് സിക്‌സും ആറ് ഫോറും അടങ്ങിയതായിരുന്നു മത്സരത്തില്‍ ഇന്ത്യൻ നായകന്‍റെ ഇന്നിങ്സ്. 36 പന്തില്‍ 47 റണ്‍സടിച്ച സൂര്യയും രോഹിതിന് മികച്ച പിന്തുണയാണ് നല്‍കിയത്.
അതേസമയം, പത്ത് വര്‍ഷത്തിന് ശേഷമാണ് ടീം ഇന്ത്യ ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. 2014ല്‍ എംഎസ് ധോണി നായകനായിരിക്കെയായിരുന്നു ടീം അവസാനമായി ടി20 ലോകകപ്പ് കലാശപ്പോരില്‍ കളിച്ചത്. അന്ന് ഇന്ത്യ ശ്രീലങ്കയോട് തോല്‍വി വഴങ്ങുകയായിരുന്നു.