മുംബൈ: ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യന്‍സിലെ (Mumbai Indians) തമ്മിലടിയിലേക്ക് വിരല്‍ചൂണ്ടി രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദെ (Ritika Sajdeh). മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ (Rohit Sharma) മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) ചുമതല നല്‍കിയതിനെ ന്യായീകരിച്ച പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് മറുപടി നല്‍കിയാണ് റിതിക വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സ്‌മാഷ് സ്പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 47-കാരനായ മാര്‍ക്ക് ബൗച്ചര്‍ (Mark Boucher) രോഹിത്തിനെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്നും മാറ്റിയതിനെ ന്യായീകരിച്ചത്.
മാര്‍ക്ക് ബൗച്ചറുടെ അഭിമുഖത്തിന്‍റെ വീഡിയോ സ്‌മാഷ് സ്പോര്‍ട്‌സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. 'ഇതില്‍ കുറേ കാര്യങ്ങള്‍ തെറ്റാണ്' എന്നാണ് വീഡിയോയ്‌ക്ക് താഴെ റിതിക പ്രതികരിച്ചിരിക്കുന്നത്. ഐപിഎല്‍ ട്രേഡിലൂടെ അപ്രതീക്ഷിത നീക്കം നടത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തിലേക്ക് തിരികെ എത്തിച്ചത്.
ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവിന് തൊട്ടുപിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു മുംബൈയുടെ പ്രധാന താരങ്ങളിലൊരാളായ ജസ്‌പ്രീത് ബുംറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്. (Jasprit Bumrah on Rohit Sharma captaincy). പിന്നീടുണ്ടായ ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ എക്‌സ് പോസ്റ്റും ശ്രദ്ധേയമായിരുന്നു.
'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയായിരുന്നു സൂര്യകുമാര്‍ യാദവ് എക്‌സില്‍ പോസ്റ്റ് ചെയ്‌തത്. (Suryakumar yadav on Rohit Sharma captaincy). വിഷയത്തില്‍ രോഹിത് മൗനം സൂക്ഷിക്കുന്നതിനിടെയാണ് മാര്‍ക്ക് ബൗച്ചര്‍ക്ക് റിതിക മറുപടി നല്‍കിയിരിക്കുന്നത്.
ബൗച്ചര്‍ പറഞ്ഞതിങ്ങിനെ..: "രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് പൂര്‍ണമായും ക്രിക്കറ്റ് തീരുമാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യന്‍സില്‍ ഇതൊരു മാറ്റത്തിന്‍റെ ഘട്ടമാണ്. ഇന്ത്യയില്‍ ഏറെപ്പേര്‍ക്കും ഇക്കാര്യം മനസിലാകുന്നില്ല. ജനങ്ങള്‍ വളരെ വികാരാധീനരാകുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വൈകാരികത മാറ്റി വയ്‌ക്കേണ്ടതുണ്ട്. ഏറെക്കാലമായി വളരെ മികച്ച രീതിയിലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിച്ചിട്ടുള്ളത്. ഇന്ത്യന്‍ ടീമിന്‍റേയും ക്യാപ്റ്റനാണ് രോഹിത്തിപ്പോള്‍. ക്യാപ്റ്റന്‍സിയുടെ അധികഭാരമില്ലാതെ സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹിത്തിന് മുന്നിലുള്ളത്.
ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും രോഹിത് മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റുപയോഗിച്ച് അതിനായിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുന്നതിനൊപ്പം ഐപിഎല്ലിലും ടീമിന്‍റെ ചുമതല വഹിക്കുന്നത് അധിക സമ്മര്‍ദം നല്‍കിയേക്കാം. ചിരിക്കുന്ന മുഖത്തോടെ കളിക്കുന്ന രോഹിത് ശര്‍മയെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ മനോഹരമായ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നതും ഞങ്ങള്‍ക്ക് കാണണം"- മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.
അതേസമയം 2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്നാണ് ഹിറ്റ്‌മാന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ചുമതല ഏറ്റെടുക്കുന്നത്. 10 വര്‍ഷങ്ങള്‍ നീണ്ട രോഹിത് യുഗത്തില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്. നായകനായുള്ള തന്‍റെ ആദ്യ സീസണില്‍ തന്നെ മുംബൈയെ കിരീടത്തിലേക്ക് എത്തിച്ച രോഹിത് 2015, 2017, 2019, 2020 സീസണുകളിലും തന്‍റെ നേട്ടം ആവര്‍ത്തിച്ചു.