വിശാഖപട്ടണം: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ കന്നി വിജയം നേടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റണ്‍സിനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് പിടിച്ച് കെട്ടിയത്. എന്നാല്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് തിരിച്ചടി നല്‍കി വമ്പന്‍ പിഴ വിധിച്ചിരിക്കുകയാണ് മാച്ച് റഫറി.
കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് റിഷഭ് പന്ത് പിഴയായി ഒടുക്കേണ്ടത്. സീസണിലെ ആദ്യത്തെ തെറ്റായത് കൊണ്ടാണ് പിഴത്തുക 12 ലക്ഷത്തില്‍ ഒതുങ്ങിയത്. ആവര്‍ത്തിക്കുകയാണെങ്കില്‍ പിന്നീടുള്ള ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടിവരും.
17-ാം സീസണില്‍ ഇതു രണ്ടാമത്തെ തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു ടീമിന്‍റെ ക്യാപ്റ്റന് പിഴ ലഭിക്കുന്നത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലിനെതിരെയായിരുന്നു അധികൃതര്‍ നടപടി എടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തിലായിരുന്നു ഗില്ലിന് പിഴച്ചത്. നേരത്തെ അച്ചടക്കം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സീമര്‍ ഹര്‍ഷിത് റാണയ്‌ക്കെതിരെയും അധികൃതര്‍ നടപടി എടുത്തിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അതിരുകടന്ന ആഘോഷത്തിന് മാച്ച് ഫീയുടെ 60 ശതമാനമായിരുന്നു ഹര്‍ഷിത് റാണയ്‌ക്ക് അധികൃതര്‍ പിഴയിട്ടത്. അതേസമയം ചെന്നൈക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സായിരുന്നു നേടിയിരുന്നത്. ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 520) , ക്യാപ്റ്റന്‍ റിഷഭ് പന്ത് (32 പന്തില്‍ 51) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ക്ക് പുറമെ പൃഥ്വി ഷായുടെ (27 പന്തില്‍ 43) പ്രകടനവും ടീമിന് തുണയായി.
ഐപിഎല്ലില്‍ 465 ദിവസങ്ങള്‍ക്ക് ശേഷമാണ് റിഷഭ് പന്ത് വീണ്ടുമൊരു അര്‍ധ സെഞ്ചുറി നേടിയിരിക്കുന്നത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. 30 പന്തില്‍ 45 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ടോപ് സ്‌കോററായി. മുന്‍ നായകന്‍ എംഎസ് ധോണി വാലറ്റത്ത് വെടിക്കെട്ട് നടത്തിയെങ്കിലും (16 പന്തില്‍ 37*) ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. സീസണില്‍ ചെന്നൈയുടെ ആദ്യ തോല്‍വിയാണിത്.