തിരുവനന്തപുരം: സ്വന്തം നാട്ടില്‍ നടന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ മുംബൈയോട് ദയനായമായി തോറ്റ് കേരളം. തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 94 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെയാണ് മുംൈബ 232 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയത്.
44 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഷാംസ് മുലാനിയാണ് കേരളത്തെ തകർത്തത്. ധവാല്‍ കുല്‍ക്കർണി, തനുഷ് കൊടിയാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. കേരളത്തിന് വേണ്ടി 26 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് ടോപ് സ്‌കോറർ. നായകൻ സഞ്ജു സാംസൺ 15 റൺസുമായി പുറത്താകാതെ നിന്നെങ്കിലും കേരളം വമ്പൻ തോല്‍വി വഴങ്ങുകയായിരുന്നു. മുംബൈ ആദ്യ ഇന്നിംഗ്‌സില്‍ 251 റൺസും രണ്ടാം ഇന്നിംഗ്‌സില്‍ 319 റൺസും എടുത്തപ്പോൾ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 244 റൺസെടുത്ത് ലീഡ് വഴങ്ങുകയാിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 94 റൺസിന് പുറത്തായതോടെയാണ് വമ്പൻ തോല്‍വി വഴങ്ങിയത്.
ഈ മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ച് ആറ് പോയിന്‍റുകൾ നേടിയ മുംബൈ ഗ്രൂപ്പ് ബിയില്‍ ആകെ 20 പോയിന്‍റുകൾ നേടി. കേരളത്തിന് ഗ്രൂപ്പ് ബിയില്‍ നാല് പോയിന്‍റുകൾ മാത്രമാണുള്ളത്. കേരളത്തിന് ബിഹാറുമായാണ് അടുത്ത മത്സരം.