മൊഹാലി: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ (ഐ പി എല്‍) പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആവേശജയം സ്വന്തമാക്കി രാജസ്ഥാൻ റോയല്‍സ്. മുല്ലാനപൂരില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും മൂന്ന് വിക്കറ്റും ശേഷിക്കെയാണ് രാജസ്ഥാൻ മറികടന്നത്. സീസണില്‍ രാജസ്ഥാന്‍റെ അഞ്ചാം ജയമാണിത്.
അവസാന രണ്ട് ഓവറില്‍ ജയിക്കാൻ 20 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ഷിംറോണ്‍ ഹെറ്റ്‌മയെറിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാൻ റോയല്‍സിന് ത്രില്ലര്‍ ജയം സമ്മാനിച്ചത്. പത്ത് പന്ത് നേരിട്ട ഹെറ്റ്‌മയെര്‍ പുറത്താകാതെ 27 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ റോയല്‍സ് കരുതലോടെയാണ് തുടങ്ങിയത്. ജോസ് ബട്‌ലറിന് പകരം യശസ്വി ജയ്‌സ്വാളിനൊപ്പം തനുഷ് കൊടിയാൻ ആയിരുന്നു റോയല്‍സ് ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് നേടി. ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ നന്നേ പാടുപെട്ട കൊടിയാൻ 31 പന്തില്‍ 24 റണ്‍സ് നേടിയാണ് പുറത്തായത്.
12-ാം ഓവറില്‍ സ്കോര്‍ 82ല്‍ നില്‍ക്കെ യശ്സ്വി ജയ്‌സ്വാളിനെ (28 പന്തില്‍ 39) ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്‌ത്തിയ പഞ്ചാബ് ബൗളര്‍മാര്‍ രാജസ്ഥാനെ പ്രതിരോധത്തിലാക്കി. സഞ്ജു സാംസണ്‍ (14 പന്തില്‍ 18), റിയാൻ പരാഗ് (18 പന്തില്‍ 23), ധ്രുവ് ജുറെല്‍ (11 പന്തില്‍ 6), റോവ്മാൻ പവല്‍ (5 പന്തില്‍ 11), കേശവ് മഹാരാജ് (1) എന്നിങ്ങനെയായിരുന്നു പുറത്തായ മറ്റ് താരങ്ങളുടെ പ്രകടനം. പഞ്ചാബിനായി കഗിസോ റബാഡ, സാം കറൻ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളായിരുന്നു നേടിയത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 147 റണ്‍സ് നേടിയത്. 16 പന്തില്‍ 31 റണ്‍സ് നേടിയ അഷുതോഷ് ശര്‍മയായിരുന്നു അവരുടെ ടോപ് സ്കോറര്‍. ശിഖര്‍ ധവാന്‍റെ അഭാവത്തില്‍ സാം കറനായിരുന്നു മത്സരത്തില്‍ ടീമിനെ നയിച്ചത്. മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ആവേശ് ഖാനും യുസ്‌വേന്ദ്ര ചാഹലും രണ്ട് വീതം വിക്കറ്റുകള്‍ നേടി.