ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുന്‍ താരം സുനിൽ ഗവാസ്‌കർ. രാഹുൽ ദ്രാവിഡിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കണമെന്നാണ് സുനിൽ ഗവാസ്‌കർ പറഞ്ഞത്. 2024 ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതിനുളള ആദരമായാണ് ഭാരതരത്‌ന നല്‍കണമെന്ന് ഗവാസ്‌കർ ആവശ്യപ്പെട്ടത്.
പുതിയ പ്രതിഭകളെ വളർത്തിയെടുത്തതിലുളള ദ്രാവിഡിന്‍റെ പ്രയത്നത്തെയും ഗവാസ്‌കർ പ്രശംസിച്ചു. "ഇന്ത്യ ഗവൺമെൻ്റ് അദ്ദേഹത്തെ ഭാരതരത്‌ന നൽകി ആദരിക്കുന്നത് ഉചിതമായിരിക്കും. " എന്നാണ് മിഡ്-ഡേയിലെ തൻ്റെ കോളത്തിൽ ഗവാസ്‌കർ എഴുതിയത്. കളിക്കാരൻ, ക്യാപ്റ്റൻ, പരിശീലകൻ എന്നീ നിലകളിലെ ദ്രാവിഡിൻ്റെ നേട്ടങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി. "എല്ലാവരും വരൂ, ഇന്ത്യയുടെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെ അംഗീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിൽ എന്നോടൊപ്പം ചേരൂ" എന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഈ വര്‍ഷം ആരംഭത്തില്‍, സമൂഹത്തിന് വേണ്ടി സേവനം ചെയ്‌തിട്ടുളള ചില നേതാക്കൾക്ക് ഭാരതരത്‌ന നൽകി ആരദിച്ചിരുന്നു. പക്ഷേ അവരുടെ സ്വാധീനം കൂടുതലും അവരുടെ പാർട്ടിക്കും രാജ്യത്തിനും ഉളളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. എന്നാല്‍, ദ്രാവിഡിൻ്റെ നേട്ടങ്ങൾ പാർട്ടി, ജാതി, മതം, സമുദായം എന്നിവയ്‌ക്കെല്ലാം അതീതമായി എല്ലാവര്‍ക്കും സന്തോഷം നൽകുന്നതാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന് നൽകാൻ കഴിയുന്ന ഏറ്റവും ഉയർന്ന അംഗീകാരത്തിന് അദ്ദേഹം അർഹനാണ് എന്നും സുനിൽ ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റില്‍ നിന്നും ഇതേവരെ സച്ചിൻ ടെണ്ടുൽക്കര്‍ മാത്രമാണ് ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്. 2014-ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന് പരമോന്നത സിവിലിയൻ ബഹുമതി നല്‍കുകയായിരുന്നു. അതേസമയം 2024 ലെ ടി20 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്.
Also Read: കണ്ണുനീര്‍ വീണ മണ്ണില്‍ ചവിട്ടി പുഞ്ചിരി; ടി20 ലോകകപ്പ് നേട്ടം ആഘോഷമാക്കി ദ്രാവിഡ്