വര്‍ഷം 2007, പോര്‍ട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാര്‍ക്ക് ഓവലിലെ ഡ്രസിങ് റൂമിന് പുറത്ത് നിരാശരായിരിക്കുന്ന രാഹുല്‍ ദ്രാവിഡും സംഘവും... ഇന്ത്യൻ ക്രിക്കറ്റിനെ അത്രയേറെ സ്നേഹിക്കുന്നവരാരും തന്നെ ഈയൊരു കാഴ്‌ച മറക്കാനിടയില്ല. വെസ്റ്റ് ഇൻഡീസ് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ആദ്യ റൗണ്ട് പോലും കടക്കാതെയാണ് അന്ന് രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയത്.
സച്ചിൻ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, എംഎസ് ധോണി, സഹീര്‍ ഖാൻ... അങ്ങനെ കരുത്തന്മാരെല്ലാം അടങ്ങിയ ഇന്ത്യൻ നിരയായിരുന്നു താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിന് മുന്നില്‍പ്പോലും വീണത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ താരങ്ങള്‍ക്ക് നേരെ പോര്‍മുഖം തുറന്ന സമയം കൂടിയായിരുന്നു അത്. ഇന്ത്യയിലെ പ്രധാന നരഗങ്ങളില്‍ എല്ലാം തന്നെ പ്രതിഷേധം ആളിക്കത്തി. താരങ്ങളുടെ വീടിന് നേരെ ആക്രമണം, താരങ്ങളുടെ ചിത്രങ്ങളും കോലവും കത്തിച്ച് ആരാധകര്‍ പ്രതിഷേധിച്ചു. നായകനായ ദ്രാവിഡ് സ്ഥാനമൊഴിയണമെന്ന് പലരും അന്ന് ആവശ്യമുയര്‍ത്തി.
𝗗𝗿𝗲𝗮𝗺 𝗙𝗶𝗻𝗶𝘀𝗵! ☺️ 🏆
— BCCI (@BCCI) June 29, 2024
Signing off in a legendary fashion! 🫡 🫡
Congratulations to #TeamIndia Head Coach Rahul Dravid on an incredible #T20WorldCup Campaign 👏👏#SAvIND pic.twitter.com/GMO216VuXy
രാഹുല്‍ ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്‌ത താരത്തെ കുറ്റപ്പെടുത്തലുകള്‍ മൂടി. അപമാന ഭാരം പേറി അദ്ദേഹം കടന്നുപോയത് വര്‍ഷങ്ങളാണ്. ഇന്ന് നീണ്ട 17 വര്‍ഷങ്ങള്‍ക്കിപ്പുറം അവയ്‌ക്കെല്ലാം തന്‍റെ കണ്ണുനീര്‍ വീണ മണ്ണില്‍ നിന്നും ടി20 ലോകകിരീടം ഉയര്‍ത്തി മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. നായകനായി ചെയ്യാനാകാതിരുന്നത് പരിശീലകനായി അദ്ദേഹം ചെയ്‌തുകാട്ടിയിരിക്കുകയാണ്.
ടി20 ലോകകപ്പോടെ താൻ ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ലോകകിരീടം ഉയര്‍ത്താൻ ദ്രാവിഡിനെ പോലെ മഹാനായ ഒരു കളിക്കാരന് ലഭിക്കുന്ന അവസാന അവസരം കൂടിയായിരുന്നു ഇത്. കളിക്കാരനായി നേടാൻ സാധിക്കാത്ത കിരീടം ഇന്ന് പരിശീലകനായി നേടിയാണ് അദ്ദേഹത്തിന്‍റെ മടക്കം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിശ്വസ്‌ത ബാറ്ററായിരിക്കെ ഒരു പ്രധാന കിരീടം പോലും സ്വന്തമാക്കാൻ രാഹുല്‍ ദ്രാവിഡിനായിരുന്നില്ല. 2003 ലോകകപ്പ് ഫൈനലില്‍ കയ്യെത്തും ദൂരത്തായിരുന്നു ദ്രാവിഡ് ഉള്‍പ്പെട്ട ഇന്ത്യൻ ടീമിന് കിരീടം നഷ്‌ടമായത്. 2011ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയെങ്കിലും അന്ന് ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ കിട്ടാക്കനിയായിരുന്ന കിരീടം നേടിയെടുത്ത ശേഷം മതിമറന്നായിരുന്നു രാഹുല്‍ ദ്രാവിഡിന്‍റെ ആഘോഷം. ഫൈനലിലെ താരമായ വിരാട് കോലിയായിരുന്നു ആഘോഷങ്ങളിലേക്ക് രാഹുല്‍ ദ്രാവിഡിനെയും കൂട്ടിയത്. കോലി നല്‍കിയ കിരീടം മുകളിലേക്ക് ഉയര്‍ത്തി താരങ്ങളില്‍ ഒരാളെ പോലെയായിരുന്നു ദ്രാവിഡ് കിരീട നേട്ടം ആഘോഷമാക്കിയത്.