പാരിസ്: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്കായി രണ്ടാം വെങ്കലം നേടിയതിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പിആർ ശ്രീജേഷ്. മെഡലുമായി ഒളിമ്പിക് ഗെയിംസ് അവസാനിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ലത് എന്നാണ് തോനുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. ഇതോടെ കേരളത്തിൽ നിന്നുള്ള 36കാരന്‍റെ 18 വർഷം നീണ്ടുനിന്ന കരിയറിനാണ് തിരശീല വീണത്.
'ആളുകളുടെ വികാരത്തെ ഞാൻ മാനിക്കുന്നു. ചില തീരുമാനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ശരിയായ സമയത്ത് തീരുമാനമെടുക്കുന്നതാണ് സാഹചര്യത്തെ കൂടുതൽ മനോഹരമാക്കുന്നത്' എന്ന് താരം പറഞ്ഞു. 'ഞങ്ങൾ വെറുംകൈയോടെയല്ല മടങ്ങുന്നത്. അത് വലിയ കാര്യമാണ്' എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീം അവരുടെ ജോലി നന്നായി ചെയ്തെന്നും മനോഹരമായി കളിച്ചെന്നും ശ്രീജേഷ് പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായിരുന്നു ശ്രീജേഷ്. 41 വർഷത്തിന് ശേഷം മെഡൽ നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാനുളള അവസരവും താരത്തിന് ലഭിച്ചിരുന്നു. 'ടോക്കിയോയ്ക്ക് എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അവിടെ നിന്നാണ് ഞങ്ങൾക്ക് മെഡലുകൾ നേടാനാകുമെന്ന ആത്മവിശ്വാസം തിരികെ ലഭിച്ചത്' എന്നും താരം പറഞ്ഞു.
ഒളിമ്പിക്‌സ് ഹോക്കിയിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നിര്‍ണായകമായ പല സേവുകളും നടത്തി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ശ്രീജേഷായിരുന്നു.
Also Read: പാരിസിലും വെങ്കലത്തിളക്കം, മെഡല്‍ നേട്ടത്തോടെ ശ്രീജേഷിന്‍റെയും പടിയിറക്കം