ന്യൂഡൽഹി: ഇൻസ്‌റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിൽ ഭിന്നശേഷിക്കാരെ പരിഹസിച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഹർഭജൻ സിങ്, സുരേഷ് റെയ്‌ന, ഗുർകീരത് മൻ എന്നിവർക്കെതിരെ പൊലീസിൽ പരാതി. നാഷണൽ സെൻ്റർ ഫോർ പ്രൊമോഷൻ ഓഫ് എംപ്ലോയ്‌മെൻ്റ് ഫോർ ഡിസേബിൾഡ് പീപ്പിൾ (എൻസിപിഇഡിപി) എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അർമാൻ അലിയാണ് അമർ കോളനി പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്.
ക്രിക്കറ്റ് താരങ്ങളെ കൂടാതെ മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡൻ്റും മാനേജിങ് ഡയറക്‌ടറുമായ സന്ധ്യ ദേവനാഥനെതിരെയും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്‌റ്റാഗ്രാമിൽ ഇത്തരത്തിലുളള ഉള്ളടക്കം പോസ്‌റ്റ് ചെയ്യാൻ അനുവദിച്ചതിലൂടെ ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000 ലംഘിച്ചുവെന്നാണ് ആരോപിക്കുന്നന്നത്.
അമർ കോളനി പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി ജില്ലയിലെ സൈബർ സെല്ലുമായി ബന്ധപ്പെടുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ഫൈനലിൽ പാകിസ്ഥാൻ ചാമ്പ്യൻമാരെ അഞ്ച് വിക്കറ്റിന് ഇന്ത്യ ചാമ്പ്യൻസ് തോൽപ്പിച്ചതിന് പിന്നാലെയാണ് മുൻ ക്രിക്കറ്റ് താരങ്ങൾ ഇൻസ്‌റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.
വീഡിയോയിൽ, യുവരാജ് സിങ്, ഹർഭജൻ സിങ്, റെയ്‌ന എന്നിവർ മുടന്തുന്നതും മുതുകിൽ പിടിച്ച് നിൽക്കുന്നതുമാണുളളത്. മത്സരം മൂലം അവരുടെ ശരീരത്തിൽ ആഘാതമേറ്റു എന്ന് പരിഹാസ രൂപേണയാണ് കാണിക്കുന്നത്. ഇൻസ്‌റ്റാഗ്രാം അതിൻ്റെ ഉപയോക്തൃ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ ഉടനടി തന്നെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.
അതിനിടെ വീഡിയോയെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കൊടുവിൽ ആരെയും അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്ന് കാട്ടി ഹർഭജൻ സിങ് സമൂഹമാധ്യമമായ എക്‌സിൽ വിശദീകരണവുമായി രംഗത്തെത്തി.