കറാച്ചി (പാകിസ്ഥാൻ): 2025 ലെ ചാമ്പ്യൻസ് ട്രോഫിയില്‍ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് ഭാരത സർക്കാർ അനുമതി നിഷേധിച്ചെങ്കില്‍ ബിസിസിഐ അതിന് രേഖാമൂലമുള്ള തെളിവ് നൽകണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മടിക്കുന്നത്. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമെ ടൂർണമെന്‍റിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂവെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ടൂർണമെന്‍റ് ഷെഡ്യൂൾ ചെയ്യുന്നതിനാൽ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 2008-ലെ ഏഷ്യ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ ക്രിക്കറ്റ് ടൂർണമെന്‍റുകള്‍ കളിച്ചിട്ടില്ല.
നിലവിലെ സാഹചര്യങ്ങളിൽ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടാണെന്നാണ് ബിസിസിഐ പറയുന്നത്. അത്തരത്തിലുള്ള സാഹചര്യത്തില്‍ ഇന്ത്യയുടെ മത്സരങ്ങൾക്ക് മറ്റൊരു വേദി കണ്ടെത്തേണ്ടി വരും. 2023 ലെ ഏഷ്യാ കപ്പില്‍, പാകിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടന്നത്.