പാരീസ്: ഒളിമ്പിക്‌സ് ഗുസ്‌തി ഫൈനലിൽ നിന്ന് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയും. വനിതകളുടെ 50 കിലോഗ്രാം ഗുസ്‌തി ഫൈനലിൽ നിന്ന് 100 ഗ്രാം അമിത ഭാരത്തിന്‍റെ പേരിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. തുടര്‍ന്ന് താരം തനിക്ക് സംയുക്തമായി വെള്ളി മെഡൽ നൽകണമെന്ന് സിഎഎസിൽ (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകുകയായിരുന്നു.
നേരത്തെ ഈ കേസിൽ തീരുമാനം ഓഗസ്റ്റ് 10 ന് രാത്രി 9:30 ന് നൽകാനായിരുന്നുവെങ്കിലും സമയപരിധി ഇന്നത്തേക്ക് (ഓഗസ്റ്റ് 13) മാറ്റുകയായിരുന്നു. താരത്തിന്‍റെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുക്കാൻ പോകുന്നതെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. രാത്രി 9.30ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
വിനേഷും ഐഒഎയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും വിനേഷ് സെമിഫൈനലിലെത്തിയ ദിവസം നിശ്ചിത ഭാര പരിധിക്കുള്ളിൽ ആയിരുന്നുവെന്നും അത് നിയമാനുസൃതമാണെന്നും കോടതിയെ അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ താരത്തിന് ഒരു വെള്ളി മെഡൽ നൽകണം. ഇതോടൊപ്പം തടി കൂടുന്നത് സംബന്ധിച്ച് വിനേഷും അഭിഭാഷകനും വിവിധ വസ്‌തുതകളും അവതരിപ്പിച്ചിട്ടുണ്ട്.
ഗുസ്‌തി മത്സരങ്ങൾ നടക്കുന്ന വേദിയിൽനിന്ന് താരങ്ങൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിലേക്കുള്ള ദൂരം ഉൾപ്പെടെയുള്ള വിഷയങ്ങളും കോടതിക്കു മുന്നിൽ നിരത്തി. എന്നാല്‍ ഒളിമ്പിക്‌സിന്‍റെ സമാപന ചടങ്ങോടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ വിനേഷ് ഒളിമ്പിക് വില്ലേജ് വിട്ടു. ഏറെ സങ്കടത്തോടെയാണ് താരം പോയത്. ഒളിമ്പിക്‌സ് വില്ലേജ് വിടുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.