പാരീസ്: ഒളിമ്പിക്‌സിലെ ഫൈനൽ മത്സരത്തിന് മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് നാനാ ഭാഗങ്ങളില്‍ നിന്നും പിന്തുണ. നിരവധി ഇന്ത്യൻ താരങ്ങളുടെ പിന്തുണക്ക് പുറമേ ജപ്പാന്‍റെ സ്വർണമെഡൽ ജേതാവ് റെയ് ഹിഗുച്ചിയും വിനേഷിന് പിന്തുണ പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് താരം കുറിച്ചത്. നിങ്ങളുടെ വേദന ഞാൻ നന്നായി മനസിലാക്കുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള ശബ്ദങ്ങളെക്കുറിച്ച് വിഷമിക്കേണ്ട. ജീവിതം മുന്നോട്ടുപോകും. പരാജയങ്ങളിൽ നിന്ന് കരകയറുക എന്നതാണ് ഏറ്റവും മനോഹരമായ കാര്യം. നന്നായി വിശ്രമിക്കൂ, അവര്‍ എഴുതി.
ജാപ്പനീസ് ഗുസ്‌തി താരമായ ഹിഗുച്ചിയുടെ ഭാരം 50 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനാൽ ടോക്കിയോ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഹിഗുച്ചി സെമിയിൽ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ഫൈനലിൽ അമേരിക്കൻ സ്‌പെൻസർ റിച്ചാർഡ് ലീയെ 4-2ന് തകർത്ത് സ്വർണം നേടി.
100 ഗ്രാം അധിക ഭാരത്തെ തുടർന്നാണ് വിനേഷിനെ അവസാന മത്സരത്തിന് മുമ്പ് അയോഗ്യയാക്കിയത്. തുടര്‍ന്ന് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. വിനേഷ് നിലവിൽ അയോഗ്യതയുമായി ബന്ധപ്പെട്ട് നല്‍കിയ അപ്പീലിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.