പാരീസ്: ഒളിമ്പിക്‌സിലെ വനിതാ മാരത്തണിൽ സ്വർണമെഡൽ നേടി നെതർലൻഡ്‌സിന്‍റെ സിഫാൻ ഹസ്സൻ ചരിത്രമെഴുതി. 5,000,10,000 മീറ്ററുകളിൽ താരം ആദ്യം വെങ്കലം നേടിയിരുന്നു. ഒരേ പതിപ്പിൽ തന്നെ 5000 മീറ്റർ, 10000 മീറ്റർ, മാരത്തൺ എന്നിവയിൽ മെഡൽ നേടുന്ന ആദ്യ വനിതാ അത്‌ലറ്റായി സിഫാൻ ഹസ്സൻ മാറി.
മാരത്തണില്‍ എത്യോപ്യയുടെ ടിഗ്സ്റ്റ് അസെഫയായിരുന്നു സിഫാന് നേർക്കുനേർ വന്നത്. എന്നാൽ ഓട്ടത്തിന്‍റെ അവസാന ഘട്ടത്തിൽ സിഫാന്‍ തന്‍റെ എതിരാളിയെ മറികടന്നു. രണ്ട് മണിക്കൂർ 22 മിനിറ്റ് 55 സെക്കൻഡ് എന്ന ഒളിമ്പിക് റെക്കോർഡിലാണ് സിഫാന്‍ ഹസ്സന്‍ ഫിനിഷിങ് ലൈൻ കടന്നത്.
മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് അസെഫ വെള്ളി നേടിയത്. കെനിയയുടെ ഹെലൻ ഒബിരി 2:23:10 സമയത്തിൽ മൂന്നാം സ്ഥാനത്തെത്തി വെങ്കലം നേടി. മത്സരത്തിന്‍റെ അവസാന 10 കിലോമീറ്ററിനുള്ളിൽ കടുത്ത മത്സരമായിരുന്നു. നിലവിലെ ചാമ്പ്യൻ കെനിയയുടെ പെരസ് ജെപ്ചിർചിർ പിന്നിലായിരുന്നു സിഫാന്‍. അവസാനം വേഗത വർധിപ്പിച്ചാണ് മറ്റു താരങ്ങളെ സിഫാന്‍ മറികടന്നത്.