പാരീസ്: ഒളിമ്പിക്‌സില്‍ ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് താരവും പരിശീലകനും സപ്പോർട്ടിങ് സ്റ്റാഫും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഐഒഎ പ്രസിഡന്‍റ് പി.ടി ഉഷ. ഐ.ഒ.എ നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാല ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല.
ഗുസ്‌തി, വെയ്‌റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ വെയ്റ്റ് മാനേജ്‌മെന്‍റ് ഓരോ അത്‌ലറ്റിന്‍റേയും അവരുടെ കോച്ചിങ് ടീമിന്‍റേയും മാത്രം ഉത്തരവാദിത്തമാണെന്ന് ഐഒഎ പ്രസ്താവനയിൽ പറഞ്ഞു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാലയെയും സംഘത്തെയും ഉൾപ്പെടുത്തിയത് ഗെയിംസിന് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണെന്നും ഉഷ വ്യക്തമാക്കി. മത്സരങ്ങൾക്കിടയിലും ശേഷവും അത്ലറ്റുകളുടെ പരിക്കുകൾ കൈകാര്യം ചെയ്യുന്നതിനും അവരെ സഹായിക്കുന്നതുമാണ് അവരുടെ പ്രധാന പങ്ക്. കൂടാതെ പോഷകാഹാര വിദഗ്‌ധരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും സ്വന്തം ടീം ഇല്ലാത്ത അത്ലറ്റുകളെ സഹായിക്കുന്നതിനും കൂടിയാണ് മെഡിക്കൽ ടീം സൃഷ്ടിച്ചത്.
ഡോ. പർദിവാലയോട് കാണിക്കുന്ന വിദ്വേഷം അംഗീകരിക്കാനാവില്ല, അത് അപലപിക്കപ്പെടേണ്ടതാണ്. ഐഒഎ മെഡിക്കൽ ടീമിനെക്കുറിച്ച് പറയുന്ന ആളുകൾ ഏതെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കണമെന്ന് ഉഷ പറഞ്ഞു.