പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വനിതകളുടെ 10m എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രമിത ജിന്‍ഡാല്‍ ഫൈനലില്‍. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനം ഉറപ്പിച്ചാണ് രമിതയുടെ മുന്നേറ്റം. നല്ല തുടക്കത്തിന് ശേഷം ചില പിഴവുകള്‍ വരുത്തിയ രമിത പിന്നോക്കം പോയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയ താരം തിരിച്ചുവരികയായിരുന്നു.
ആകെ 631.5 പോയിന്‍റാണ് താരം നേടിയത്. ഷൂട്ടിങ്ങില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിത താരമാണ് രമിത. മനു ഭാക്കറാണ് ആദ്യ താരം. എന്നാല്‍ ഇതേ ഇനത്തില്‍ മത്സരിച്ച ഇളവേനില്‍ വാളരിവാന്‍റെ പുറത്താവല്‍ നിരാശയായി.
അവസാന സീരീസ് വരെ ഫൈനല്‍ യോഗ്യതയ്‌ക്കുള്ള ആദ്യ എട്ടിനുള്ളില്‍ ഇടം നേടാന്‍ ഇളവേനിലിന് കഴിഞ്ഞിരുന്നു. എന്നാല്‍ ആറാം സീരീസില്‍ വരുത്തിയ പിഴവുകള്‍ താരത്തിന് ഫൈനല്‍ ബര്‍ത്ത് നഷ്‌ടമാക്കി. 630.7 പോയിന്‍റോടെ പത്താമതാണ് താരം ഫിനിഷ് ചെയ്‌തത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.