പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്കായി ആദ്യ മെഡല്‍ നേടിയിരിക്കുകയാണ് മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലമാണ് മനു ഭാക്കര്‍ വെടിവച്ചിട്ടത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും ഇതോടെ 22-കാരിയായ മനു ഭാക്കര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.
ഹരിയാനക്കാരിയായ താരത്തിന്‍റെ രണ്ടാമത്തെ ഒളിമ്പിക്‌സാണിത്. 2021-ലെ ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു അരങ്ങേറ്റം. അന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു താരം. 60 ഷോട്ടുകളുള്ള യോഗ്യത റൗണ്ടില്‍ മികച്ച തുടക്കം തന്നെ നേടാന്‍ മനുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ദുര്‍വിധി പോലെ ഇടക്കുവച്ച് താരത്തിന്‍റെ പിസ്റ്റളിന് സാങ്കേതിക തകരാറുണ്ടായി.
അതു പരിഹരിക്കുന്നതിനായി താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടിയും വന്നു. ആറോളം മിനിട്ടുകള്‍ക്ക് ശേഷം പുതിയ പിസ്റ്റളുമായി മത്സരം തുടരാനെത്തിയ മനുവിന് പഴ താളത്തിലേക്ക് എത്താനായില്ല. ഇതിന്‍റെ ഫലമായി യോഗ്യത റൗണ്ടെന്ന കടമ്പയും മനുവിന് കടക്കാന്‍ കഴിഞ്ഞില്ല. അന്ന് ഏറെ കലങ്ങിയ മനസുമായി കളക്കളം വിട്ട മനു മൂന്ന് വര്‍ഷത്തിന് ശേഷം പാരിസില്‍ വിധിയോട് മധുരപ്രതികാരം ചെയ്‌തിരിക്കുകയാണ്.
പാരിസില്‍ മിന്നും പ്രകടനത്തോടെയാണ് മനു മെഡല്‍ നേടിയത്. ഫൈനലില്‍ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ തന്നെ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ വെള്ളി മെഡലിന് അടുത്തേക്കെത്താന്‍ മനുവിന് കഴിഞ്ഞിരുന്നു. ഒടുവില്‍ ടോക്കിയോയിലെ നിരാശ മായ്‌ച്ച മനു, 'മാര്‍വലസ്' മനുവമായി. പാരിസില്‍ ഏറെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മനു ഭാക്കര്‍ നടത്തിയത്.
യോഗ്യത റൗണ്ടിലും മൂന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു മനു ഭാക്കര്‍ ഫൈനലിലേക്ക് എത്തിയത്. യോഗ്യത റൗണ്ടില്‍ ഏറ്റവും തവണ പെര്‍ഫക്‌ട് ടെന്നിലേക്ക് വെടിയുതിര്‍ത്തത് മനുമായിരുന്നു. 27 തവണയാണ് ഇന്നര്‍ ടെന്നില്‍ താരത്തിന്‍റെ ഷോട്ട് പതിച്ചത്. അതേസമയം പാരിസില്‍ മനു ഭാക്കര്‍ അവസാനിപ്പിച്ചിരിക്കുന്നത് ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ച കൂടിയാണ്.
ALSO READ: അനായാസം...! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു - PV Sindhu vs Fathimath Result
2004-ലെ ഏഥൻസ് ഒളിമ്പിക്‌സിൽ രാജ്യവർധൻ സിങ് റാത്തോഡ് നേടിയ വെള്ളിയാണ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങിലെ ഇന്ത്യയുടെ ആദ്യ മെഡല്‍. 2008-ല്‍ ബെയ്‌ജിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയും 2012-ല്‍ ലണ്ടനില്‍ വെള്ളി നേടിയ വിജയ് കുമാറും വെങ്കലം നേടിയ ഗഗൻ നാരംഗും പാരമ്പര്യം നിലനിര്‍ത്തി. പിന്നീടുള്ള രണ്ട് പതിപ്പുകളില്‍ വെറും കയ്യോടെയായിരുന്നു ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മടങ്ങിയത്.