കോഴിക്കോട്: പാരിസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ മലയാളി പ്രതീക്ഷയായി അബ്‌ദുള്ള അബൂബക്കർ ഇന്നിറങ്ങുന്നു. രാത്രി 10.45 നാണ് ട്രിപ്പിൾ ജംപില്‍ താരത്തിന്‍റെ യോഗ്യതാ മത്സരം. മത്സരം വിജയിക്കാനും മെഡൽ കിട്ടാനും മുന്നോട്ട് പോകാനും പ്രാർഥന ഉണ്ടാവണമെന്ന് പിതാവ് അബൂബക്കർ ഇടിവി ഭാരതിനോട് പറഞ്ഞു.
അബ്‌ദുള്ളയുടെ ജീവിത സ്വപ്‌നം ഇന്ന് പൂവണിയാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് നാദാപുരം വളയം സ്വദേശികൾ. 'നിരവധി മെഡലുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന്‍റെ സ്വപ്‌നം ഒളിമ്പിക്‌സ് ആയിരുന്നു. ആ സ്വപ്‌നത്തിലേക്ക് എത്താന്‍ അബ്‌ദുള്ള അബൂബക്കറിന് കഴിഞ്ഞു. കരിയറിലെ മികച്ച പ്രകടനം ഇന്ന് കാഴ്‌ചവക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. മാതാപിതാക്കളാണ് എല്ലാ പിന്തുണയും നൽകിയത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.' -നാട്ടുകാരനും അധ്യാപകനും വാര്‍ഡ് മെമ്പറുമായ പി കെ ഖാലിദ് മാസ്റ്ററുടെ വാക്കുകള്‍.
ട്രിപ്പിൾ ജംപാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ നാളുകള്‍
കോഴിക്കോട് നാദാപുരം വളയം സ്വദേശിയാണ് അബ്‌ദുള്ള അബൂബക്കർ. എന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പാലക്കാട് ജില്ലയില്‍ നിന്നാണ്. പാലക്കാട് കല്ലടി കുമരംപുത്തൂർ എച്ച്എസ്എസിൽ ചേർന്ന ശേഷമാണ് ട്രിപ്പിൾ ജംപാണ് തന്‍റെ വഴിയെന്ന് ഒമ്പതാം ക്ലാസുകാരൻ മനസിലാക്കിയത്. അതുവരെ സ്പ്രിന്‍റ്, ഹൈജംപ്, ലോങ്ജംപ്, ഹർഡിൽസ് എന്നിങ്ങനെ മിക്ക ഇനങ്ങളിലും അബ്‌ദുള്ള മത്സരിച്ചിരുന്നു. ഒരു വർഷം പിന്നിട്ടപ്പോൾ സംസ്ഥാന, ദേശീയ സ്‌കൂൾ കായികമേളകളിൽ സ്വർണം നേടി.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്‌ദുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ പഠിച്ചു. 2015ൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാമ്പ്യനുമായി. തുടര്‍ന്ന് ഹൊറിസോണ്ടൽ ജംപ്‌സ് അസിസ്റ്റൻ്റ് കോച്ച് ഹരികൃഷ്‌ണൻ്റെ കീഴിൽ ബാംഗ്ലൂരിൽ സായ് കേന്ദ്രത്തില്‍ പരിശീലനം നേടി.
2022-ൽ ബെർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കരസ്ഥമാക്കി. ഫൈനലിലെ ആദ്യ നാല് ജംപുകൾ പൂർത്തിയാകുമ്പോൾ മെഡൽ സാധ്യത പട്ടികയ്ക്കു പുറത്തായിരുന്നു അബ്‌ദുള്ള. എന്നാൽ അഞ്ചാം ഊഴത്തിലെ 17.02 മീറ്റർ ജംപിലൂടെ വെള്ളി മെഡലിന് അർഹനായി. മൂന്ന് തവണ 17 മീറ്റർ പിന്നിടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന നേട്ടവും അബ്‌ദുള്ള സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഒരു റാങ്ക് നഷ്‌ടത്തിലാണ് താരത്തിന് മെഡൽ നഷ്‌ടമായത്.
പരിക്ക് മൂലം ഗ്രൗണ്ടിനു പുറത്തിരുന്ന വര്‍ഷങ്ങള്‍
14 വർഷത്തെ കായിക ജീവിതത്തിൽ വലിയ സമയവും അബ്‌ദുള്ളയെ പരിക്കാണ് വലച്ചത്. കാൽപാദം, കാൽമുട്ട്, കാൽക്കുഴ എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായെത്തിയ പരുക്കുകൾ കാരണം അബ്‌ദുള്ള ഗ്രൗണ്ടിനു പുറത്തിരുന്നു. എന്നിട്ടും തോറ്റുകൊടുക്കാന്‍ ആ ചെറുപ്പക്കാരന്‍ തയ്യാറായിരുന്നില്ല.
ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‍ലറ്റിക്‌സിൽ പൊരുതിയ താരം 17.19 മീറ്റർ ചാടി സ്വർണം നേടി. രഞ്ജിത് മഹേശ്വരിക്കു ശേഷം ട്രിപ്പിൾ ജംപിൽ ഒരു ഇന്ത്യൻ അത്‌ലിറ്റിന്‍റെ മികച്ച പ്രകടനമായിരുന്നു അത്. ചെന്നൈയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്‌സിൽ വെള്ളി നേടിയ അബ്‌ദുള്ള ട്രിപ്പിൾ ജംപിലെ സ്വപ്‌നദൂരവും (17.14 മീറ്റർ) മറികടന്നു. 2017ൽ സ്പോർട്‌സ് ക്വോട്ടയിൽ ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച അബ്‌ദുള്ള പാരിസിൽ തന്‍റെ സ്വപ്‌നത്തിനരികിലാണ്. ഒപ്പം പ്രാര്‍ഥനയുമായി ഒരു നാടുമുണ്ട്.
Also Read: ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി; വിനേഷ് ഫോഗട്ടിന് അയോഗ്യത, മെഡല്‍ നഷ്‌ടമാവും