പാരിസ് ഒളിമ്പിക്‌സില്‍ ആര്‍ച്ചറിയിലെ ഇന്ത്യന്‍ പോരാട്ടത്തിന് തീരശ്ശീല വീണു. ഇതാദ്യമായി നേടിയെടുത്ത മിക്‌സ്‌ഡ് ടീമിനത്തിലെ നാലാം സ്ഥാനവുമായാണ് ഇന്ത്യയുടെ മടക്കം. പോരായ്‌മകളെ അതിജീവിച്ച് കൊയ്‌ത നേട്ടങ്ങളുമായി തലയുയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ ആര്‍ച്ചറി താരങ്ങള്‍ക്ക് പാരിസില്‍ നിന്ന് മടങ്ങാം. പക്ഷേ ഒളിമ്പിക്‌സ് തീരുമ്പോഴും ചര്‍ച്ച ചെയ്യപ്പെടാനുള്ള ചിലത് ബാക്കി വെച്ചാണ് ആര്‍ച്ചറി മല്‍സരങ്ങള്‍ സമാപിച്ചത്.
മെന്‍റല്‍ ട്രെയ്‌നര്‍ ഇല്ലാതെ അര്‍ച്ചറി ടീം: മെഡല്‍ സാധ്യതകളുണ്ടായിരുന്ന പുരുഷ-വനിതാ ടീമിനങ്ങളില്‍ ഒരു മെന്‍റല്‍ ട്രെയ്‌നര്‍ പോലുമില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ പാരിസിലെ ഇന്‍വാലിഡെസ് ആര്‍ച്ചറി ഫീല്‍ഡില്‍ മല്‍സരിച്ചതെന്ന് ഏറെപ്പേര്‍ക്കറിയില്ല. ഇന്ത്യന്‍ മിക്‌സ്‌ഡ് ടീമിന്‍റെ സ്പെയിനെനിതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം നടക്കുന്നതിനു തൊട്ടു മുമ്പാണ് ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്‍റെ മെന്‍റല്‍ ട്രെയിനര്‍ പാരീസിലെ ഇന്‍വാലിഡെസ് ആര്‍ച്ചറി റേഞ്ചിലേക്ക് എത്തുന്നത്.
നാലുസെറ്റ് പോരാട്ടത്തില്‍ സ്പെയിനിനെ മറികടന്ന് ഇന്ത്യന്‍ ടീം സെമിയിലേക്ക് നീങ്ങിയപ്പോള്‍ മെന്‍റല്‍ ട്രെയിനറുടെ സാന്നിധ്യം ഉണ്ടായിരുന്നു. സെമിയില്‍ കരുത്തരായ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ അമേരിക്കയോട് നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. നാലാം സ്ഥാനത്തായെങ്കിലും ഇന്ത്യയുടെ ആര്‍ച്ചറി ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്രകടനമായി ഇത്.
പാരിസില്‍ സാധ്യതയുണ്ടായിരുന്നു: പക്ഷേ ഇതിനുമപ്പുറത്തേക്ക് പോകാനുള്ള സാധ്യത പാരിസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് ഏറെ പ്പേര്‍ക്കറിയില്ല. യോഗ്യതാ റൗണ്ടിലെ റാങ്കിങ്ങില്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ക്ക് ഒരു പക്ഷേ മെഡല്‍ എത്തിപ്പിടിക്കാവുന്ന സാഹചര്യം പാരിസിലുണ്ടായിരുന്നു. പക്ഷേ ടീമിനൊപ്പം വേണ്ട മെന്‍റല്‍ ട്രെയിനര്‍ക്ക് പാരിസ് ഒളിമ്പിക്‌സിലേക്ക് അക്രഡിറ്റേഷനോ വിസയോ ലഭിച്ചിരുന്നില്ല.
നേരത്തേ ഷൂട്ടിങ്, ബാഡ്‌മിന്‍റണ്‍ താരങ്ങളുടെ മെന്‍റല്‍ പരിശീലകയായിരുന്ന ഗായത്രിയായിരുന്നു ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്‍റെ മെന്‍റല്‍ ട്രെയിനര്‍. തുര്‍ക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന ഇവര്‍ക്കും ഇന്ത്യയുടെ കൊറിയന്‍ കോച്ച് ബെയിക് വൂങ്ങ് കീ, ഫിസിയോ അരവിന്ദ് യാദവ് എന്നിവര്‍ക്ക് പാരീസ് ഒളിമ്പിക്സിന് പോകാനുള്ള വിസയ്ക്ക് നിയമപ്രകാരം തന്നെ ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ അപേക്ഷിച്ചതായിരുന്നു.
എന്നാല്‍ വിസ ശരിയാകാത്തതിനെത്തുടര്‍ന്ന് ടീമിനൊപ്പം പാരിസിലേക്ക് പോകാതെ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് വിസ നിരസിച്ചതായി അറിയിപ്പ് ലഭിക്കുന്നത്. പിന്നീട് പല തലത്തിലും വിസ ശരിയാക്കാനുള്ള ശ്രമം നടത്തി. പക്ഷേ ഒടുവില്‍ വിസ ശരിയായത് ഇക്കഴിഞ്ഞ ദിവസമായിരുന്നു.
"പാരീസിലെ ഷെഫ് ഡെ മിഷന്‍ ഗഗന്‍ നാരംഗിനേയും ഡെപ്യൂട്ടി ചീഫ് ഡെ മിഷനേയുമൊക്കെ ആര്‍ച്ചറി അസോസിയേഷന്‍ ബന്ധപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തില്‍ അവര്‍ക്ക് അക്രഡിറ്റേഷന്‍ ശരിയാക്കി ഒളിമ്പിക് വില്ലേജിലേക്ക് അയക്കാന്‍ പറ്റുമോ എന്ന് അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. ശ്രമിക്കാമെന്ന മറുപടിയാണ് കിട്ടിയത്. ഒടുക്കം എംബസിയില്‍ നിന്ന് വിസ കിട്ടിവ്യാഴാഴ്ച രാവിലെ മാത്രമാണ് ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്‍റെ മെന്‍റല്‍ ട്രെയിനര്‍ക്ക് പാരീസിലെത്താന്‍ കഴിഞ്ഞത്"- ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ ട്രഷറര്‍ ഡോ.ജോറിസ് പൗലോസ് ഇടിവി ഭാരതിനോട് പറഞ്ഞു.
പരിമിതികൾക്കിടയിലും മികച്ച പ്രകടനം: പരിമിതികൾക്കിടയിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്‌ചവച്ചെന്ന് ഡോക്‌ടർ ജോറിസ് അഭിപ്രായപ്പെട്ടു. "ജർമനിക്കും കൊറിയക്കുമെതിരായ സെമി ബ്രോൺസ് മെഡൽ മൽസരങ്ങളിലും ഇന്ത്യക്ക് സാധ്യതയുണ്ടായിരുന്നു. ആറായിരത്തോളം വരുന്ന കാണികൾ ആർപ്പു വിളിക്കുന്ന സ്റ്റേഡിയത്തിൽ ഏകാഗ്രതയോടെ അമ്പെയ്യുകയെന്നത്
ശ്രമകരമാണ്. അവിടെ മെന്‍റല്‍ ട്രെയിനറുടെ ഉപദേശ നിർദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ആർച്ചറി ഫീൽഡിലേക്കുള്ള ഗേറ്റ് വരെ മെന്‍റല്‍ ട്രെയിനർക്ക് ടീമിനെ അനുഗമിക്കാം. ഇത്തവണ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോൾ സമ്മർദ്ദ ഘട്ടങ്ങളിൽ കുറച്ചു കൂടി ഏകാഗ്രത ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോവുകയാണ്.
തോൽവിക്ക് ന്യായീകരണമാകില്ലെങ്കിലും മെന്‍റല്‍ ട്രെയിനർ എത്താൻ വൈകിയതും തിരിച്ചടിക്ക് ഒരു ഘടകമായി. വിസ ശരിയായെന്ന് അറിഞ്ഞ ശേഷം മെന്‍റല്‍ ട്രെയിനറെ പാരിസിലേക്ക് അയക്കുന്നുണ്ടോ എന്ന് പാരിസ് ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തിന്‍റെ ഉപമേധാവി വിളിച്ചു ചോദിച്ചിരുന്നു. ടീമിന്‍റെ കളി എഴുപത് ശതമാനവും കഴിഞ്ഞിരുന്നെങ്കിലും നിർണായക വേളയിൽ മെന്‍റല്‍ ട്രെയിനറുടെ സാന്നിധ്യം ഉപകാരപ്പെടുമെന്ന കണക്കു കൂടലിലാണ് ഗായത്രിയെ അവസാന നിമിഷമായിട്ടും അയക്കാന്‍ തീരുമാനിച്ചത്. ഇന്ത്യൻ കോച്ചുമാരായ പൂർണ്ണിമ മഹാതോയും സോനം ടി ഷെറിങ്ങ് ബൂട്ടിയയും മാത്രമാണ് അതേ വരെ ടീമിനൊപ്പമുണ്ടായിരുന്നത്. " ഡോ. ജോറിസ് പറഞ്ഞു.
സൂപ്പര്‍ കോച്ച് ബെയിക് വൂങ്ങിന് ടീമിനെ അനുഗമിക്കാനായില്ല: പാരിസിലെ ഇന്‍വാലിഡെസ് ആര്‍ച്ചറി ഫീല്‍ഡില്‍ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദേശ പരിശീലകന്‍ ബെയിക് വൂങ്ങ് കീയും ഉണ്ടായിരുന്നില്ല. പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മാര്‍സെയ്ല്‍സില്‍ അവസാന നിമിഷം വരെ പരിശീലകനായി അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ ടീമിനൊപ്പം പാരിസിലെത്തിയ അദ്ദേഹത്തിന് അക്രഡിറ്റേഷനില്ലാത്തതിനാല്‍ ഗെയിംസ് വില്ലേജില്‍ കടക്കാനായില്ല. മുറിവേറ്റ മനസുമായി സോനിപതിലെ സായി പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. അതിനു പുറകേയാണി മെന്‍റല്‍ ട്രെയിനര്‍ക്കും വിസ ലഭിക്കാതെ വന്നത്.
ALSO READ: ആദ്യം ഒളിമ്പിക് സ്വര്‍ണം, പിന്നെ വിവാഹ മോതിരം; പാരിസില്‍ 'ഒരു ചൈനീസ് പ്രണയകഥ'
വരും തലമുറ തയ്യാര്‍: പാരിസിൽ മെഡൽ നേടാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത ഒളിമ്പിക്സ് ലക്ഷ്യമിട്ട് ആർച്ചറി അസോസിയേഷൻ പരിശീലനം തുടരും. ദീപിക കുമാരി അടുത്ത ഒളിമ്പിക്സിനുണ്ടാകുമോ എന്ന് വ്യക്തമല്ല. ഭജൻ കൗറും ധീരജ് ബൊമ്മ ദേവരയും അങ്കിതാ ഭഗതു മൊക്കെ ഇനിയും സാധ്യതയുള്ളവരാണ്.
പ്രതിഭാധനരായ പുതുനിരയും ശക്തമായി ഉയർന്നു വരുന്നുണ്ട്. നേരത്തേ വാക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു ആർച്ചറി താരങ്ങൾ ഏറെയും വന്നിരുന്നതെങ്കിൽ ഇന്ന് നിലമാറി. ഹരിയാന, പഞ്ചാബ്, ജാർഖണ്, ആപ്രദേശ്, മഹാരാഷ്‌ട്ര എന്നിവടങ്ങളിൽ നിന്നൊക്കെ താരങ്ങൾ ഉയർന്നു വരുന്നുണ്ട്. കേരളത്തിൽ നിന്നും ആർച്ചറിയിൽ മികച്ച താരങ്ങൾ ഉയർന്നു വരുന്നുണ്ട്. പാരിസ് ഒളിസിക്സ് എന്തൊക്കെ പരിമിതികളുണ്ടായാലും ഇന്ത്യൻ ആർച്ചറിയെ മുന്നോട്ടു നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.