പാരിസ്: ഒളിമ്പിക് ഹോക്കിയില്‍ പൂള്‍ ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആവേശ സമനില. കരുത്തരായ അര്‍ജന്‍റീനയെ 1-1നാണ് ഇന്ത്യ സമനിലയില്‍ പിടിച്ചത്. അര്‍ജന്‍റീനയ്‌ക്കായി ലൂക്കാസ് മാർട്ടിനെസ് നേടിയ ഗോളിന് ക്യാപ്റ്റന്‍ ഹർമൻപ്രീത് സിങ്ങിലൂടെ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
ഇന്ത്യ ആധിപത്യം പുലര്‍ത്തിയ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായി അവസാനിച്ചു. എന്നാല്‍ കളിയുടെ ഗതിയ്‌ക്ക് വിപരീതമായി രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനിട്ടില്‍ ലൂക്കാസ് മാര്‍ട്ടിനസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അര്‍ജന്‍റീനെ ഇന്ത്യയ്‌ക്കെതിരെ കടുത്ത പ്രതിരോധം തീര്‍ത്തു.
മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ഗോള്‍ മുഖത്തേക്കും ആക്രമണങ്ങളുണ്ടായി. നാലാം ക്വാര്‍ട്ടറില്‍ മത്സരം അവസാനത്തോട് അടുക്കെ അര്‍ജന്‍റൈന്‍ ഗോളി സാന്‍റിയാഗോയുടെ പ്രകടനവും ഇന്ത്യ സമനില ഗോള്‍ നേടുന്നത് തടഞ്ഞു. എന്നാല്‍ തിരിച്ചടിക്കാനുറച്ചായിരുന്നു ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ സംഘം കോര്‍ട്ടില്‍ പൊരുതി നിന്നത്.
മത്സരം അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഗോളി ശ്രീജേഷിനെ ഇന്ത്യ പിന്‍വലിച്ചു. തുടര്‍ന്ന് ആക്രമണം കടുപ്പിച്ച ടീം തുടരെ തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെത്തു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം നില്‍ക്കെ പെനാല്‍റ്റിയിലൂടെ ലഭിച്ച അവസരം വലയിലാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹീറോയായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.